കോയമ്പത്തൂർ ഓപ്പൺ ഗോൾഫ് ടൂർണമെന്റിൽ ചാംപ്യനായി റെയ്ഹാൻ; പിജിടിഐ ടൂർണമെന്റ് ജയിക്കുന്ന ആദ്യ മലയാളി
Mail This Article
തൃശൂർ ∙ വെള്ള നിറമുള്ള പന്ത് കണ്ണെത്താദൂരത്തോളം അടിച്ചകറ്റി കൊടി നാട്ടിയ ചെറു കുഴിയിലേക്കു വീഴ്ത്തുന്ന ഗോൾഫ് കളി പതിവായി കാണുന്ന മലയാളികൾ കുറവായിരിക്കും. എന്നാൽ ഗോൾഫിൽ ചരിത്ര നേട്ടങ്ങളുമായി ജൈത്രയാത്ര തുടരുന്ന ഒരു യുവ മലയാളി ഗോൾഫറുണ്ട്– റെയ്‌ഹാൻ ജോൺ തോമസ്. പ്രഫഷനൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ (പിജിടിഐ) കോയമ്പത്തൂർ ഓപ്പൺ ഗോൾഫ് ടൂർണമെന്റിൽ കോട്ടയത്തു കുടുംബ വേരുകളുള്ള റെയ്‌ഹാൻ ചാംപ്യനായി.
പിജിടിഐ ടൂർണമെന്റിൽ ജേതാവാകുന്ന ആദ്യ മലയാളിയാണ് ഇരുപത്തിനാലുകാരനായ റെയ്‌ഹാൻ. ഇതോടൊപ്പം കരിയറിലെ ആദ്യ പിജിടിഐ ടൂർണമെന്റിൽ തന്നെ ചാംപ്യനാകുന്ന രണ്ടാമത്തെ ഗോൾഫർ എന്ന നേട്ടവും റെയ്‌ഹാൻ സ്വന്തമാക്കി. തായ്‌ലൻഡ് താരം പരിയ ജുൻഹാസവസ്ദികുൾ ആണ് ആദ്യത്തെയാൾ.
ദുബായിൽ താമസിക്കുന്ന തുകലൻ വീട്ടിൽ ജോൺ തോമസിന്റെയും (പിഎംഒ ഗ്ലോബൽ സിഇഒ) നീനയുടെയും മകനാണ് റെയ്ഹാൻ. ജനിച്ചുവളർന്നതു ദുബായിൽ തന്നെ. ദുബായ് ക്രീക്, യാക്ട് ക്ലബ്, ബുച് ഹാർമൻ സ്കൂൾ ഓഫ് ഗോൾഫ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ദുബായ് ക്രീക് ചാംപ്യൻഷിപ്, എമിറേറ്റ്സ് അമച്വർ ചാംപ്യൻഷിപ്, ഖത്തർ അമച്വർ ഓപ്പൺ, അൽ ഐൻ ഓപ്പൺ തുടങ്ങി ഒട്ടേറെ കിരീടങ്ങൾ നേടിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ ഗോൾഫ് ടൂറിൽ വിജയിച്ച ആദ്യ അമച്വർ താരം കൂടിയായ റെയ്‌ഹാൻ 2018 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. അതേ വർഷം ഏഷ്യ–പസഫിക്ക അമച്വർ ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നേടി. യുഎസിലെ ഓക്‌ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജ്വേറ്റ് കോഴ്സ് പൂർത്തിയാക്കിയ റെയ്‌ഹാന്റെ അടുത്ത ലക്ഷ്യം മികച്ച പ്രഫഷനൽ കരിയറും പ്രഫഷനൽ ഗോൾഫേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (പിജിഎ) ഗോൾഫ് ടൂറുമാണ്.
റെയ്‌ഹാൻ തോമസ് മനോരമയ്ക്കു നൽകിയ ഓൺലൈൻ അഭിമുഖത്തിൽ നിന്ന്:
ഇന്ത്യയിലെത്തി ആദ്യമായി പങ്കെടുത്ത പ്രഫഷനൽ ഗോൾഫ് ടൂർണമെന്റിൽ തന്നെ
ചാംപ്യൻ. സ്വപ്ന നേട്ടത്തെ എങ്ങനെ വിലയിരുത്തുന്നു?
ഇന്ത്യയിൽ നിന്നു ലഭിച്ച ഈ അംഗീകാരത്തോടെ എന്റെ ഗോൾഫ് കരിയറിലെ ഒരു ‘സൈക്കിൾ’ പൂർത്തിയായി. ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ ചാംപ്യൻഷിപ് വലിയ നേട്ടമാണ്. എന്റെ കുടുംബത്തിനായി നേട്ടം സമർപ്പിക്കുന്നു.
കോയമ്പത്തൂരിൽ നിർണായകമായത് എന്തെല്ലാം ഘടകങ്ങളാണ്? ഗെയിം പ്ലാൻ എന്തായിരുന്നു?
ഒരു സ്ട്രോക്ക് കുറച്ചുമാത്രം കളിച്ചുള്ള (ബേഡി) ഗെയിം പ്ലാനിലാണു ഉറച്ചു നിന്നത്. അതു ഫലം കണ്ടു. ബേഡി നേട്ടമാണു ചാംപ്യനാകുന്നതിലും സഹായിച്ചത്. ടൂർണമെന്റിലുടനീളം മികച്ച കളി പുറത്തെടുക്കാനായെന്നു കരുതുന്നു. അവസാന ദിനം വലിയ ആത്മവിശ്വാസമുണ്ടായിരുന്നു.
ഗോൾഫിനായുള്ള ഇന്ത്യയിലെ സാഹചര്യങ്ങൾ എങ്ങനെ മെച്ചപ്പെടണം?
ദുബായിലെ മികച്ച ഗോൾഫിങ് സൗകര്യങ്ങൾ എന്നെ വളർത്തുന്നതിൽ ഒരുപാടു സഹായിച്ചിട്ടുണ്ട്. അത്തരത്തിൽ ഇന്ത്യയിലും മികച്ച ഗോൾഫ് കോഴ്സുകളും മറ്റു സൗകര്യങ്ങളും പരിശീലകരും ഉണ്ടാകണം. ഒട്ടേറെ യുവ ഗോൾഫർമാർ ഉള്ള രാജ്യമാണ് ഇന്ത്യ. അവർക്കു പിന്തുണയും പരിശീലന സഹായങ്ങളും നൽകണം.
ഗോൾഫർ എന്ന നിലയിൽ കുടുംബത്തിൽ നിന്നുള്ള പിന്തുണ എത്രത്തോളമുണ്ട്?
സഹോദരി സാഷാ ജോണും പിതൃസഹോദരൻ ടി.ടി. തോമസും കോയമ്പത്തൂരിൽ എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഒൻപതാം വയസ്സിൽ പിതാവ് കളിക്കുന്നതു കണ്ടാണു ഗോൾഫിലെത്തിയത്.
ഗോൾഫ് കരിയറിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള ഒരുക്കങ്ങൾ, ലക്ഷ്യങ്ങൾ എന്തെല്ലാമാണ്?
യുഎസിൽ ഗോൾഫ് കളിച്ചതും പരിശീലിച്ചതും പ്രഫഷനൽ തലത്തിലേക്ക് നന്നായി തയാറെടുക്കാൻ എന്ന സഹായിച്ചിട്ടുണ്ട്. അവിടെ വളരെയധികം സമ്മർദം നേരിടേണ്ടിവരും. കാരണം ടീമിനായി കളിക്കുന്നതായതിനാൽ നമ്മുടെ സ്കോറിനു വലിയ പ്രാധാന്യമുണ്ട്. മികച്ച പ്രഫഷനൽ കരിയറും പ്രഫഷനൽ ഗോൾഫേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്കയുടെ (പിജിഎ) ഗോൾഫ് ടൂറുമാണു ഇനി ലക്ഷ്യം.