വിരമിക്കൽ തീരുമാനത്തിനു മുൻപ് കടുത്ത മാനസിക സമ്മർദം; 2018ൽ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചു: ശ്രീജേഷ്
Mail This Article
കൊച്ചി ∙ വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപു കടുത്ത മാനസിക സമ്മർദമാണു താൻ അനുഭവിച്ചതെന്നു വെളിപ്പെടുത്തി പി.ആർ.ശ്രീജേഷ്. ‘‘2018ലെ ലോകകപ്പ് കഴിഞ്ഞപ്പോൾ ഞാൻ കളി നിർത്താമെന്നു കരുതിയതാണ്. പിന്നീട് ക്യാംപിലേക്കു വിളിച്ചപ്പോൾ ഒന്നു ശ്രമിക്കാമെന്നു മാത്രമാണു കരുതിയിരുന്നത്. എന്നാൽ അതിനു ശേഷമാണ് 2 ഒളിംപിക് വെങ്കല മെഡൽ നേട്ടങ്ങളുമുണ്ടായത്്’’– ശ്രീജേഷ് പറഞ്ഞു. വെങ്കലത്തെക്കാളും വലിയ മെഡൽ ഇത്തവണ ടീം അർഹിച്ചിരുന്നെന്നും ശ്രീജേഷ് പറഞ്ഞു.
പാരിസ് ഒളിംപിക്സിനു ശേഷം വിരമിക്കാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും അത് എപ്പോൾ പറയണമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അതു മനസ്സിൽ വലിയ സമ്മർദമായി. പരിശീലനം പോലും ബുദ്ധിമുട്ടായി. ഒടുവിൽ വിരമിക്കൽ പ്രഖ്യാപിക്കുകയാണെന്നു കോച്ചിനോടു പറഞ്ഞു. അങ്ങനെയാണ് ഒളിംപിക്സിനു മുൻപേ അതു പ്രഖ്യാപിച്ചത്.
ഇനി ഒരു വലിയ ഹോക്കി ടൂർണമെന്റ് വരാൻ 2 വർഷം കാത്തിരിക്കണം. 700 ദിവസങ്ങൾ. ഈ ദിവസങ്ങളിൽ 1000 പരിശീലന സെഷനുകളെങ്കിലുമുണ്ടാകും.1000 കിലോമീറ്ററിലേറെ ഓടേണ്ടി വരും. ഇനിയതു ചെയ്യാൻ പറ്റുമോയെന്നു തന്നോടു തന്നെ ചോദിച്ചു. ‘ഇല്ല’ എന്നായിരുന്നു ഉത്തരം. അതിനാലാണ് ഒളിംപിക്സിനു ശേഷം വിരമിക്കാമെന്ന തീരുമാനമെടുത്തത്.
തന്റെ 16–ാം നമ്പർ ജഴ്സി ഇനി ആർക്കും നൽകുന്നില്ല എന്ന ഹോക്കി ഇന്ത്യയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. കുടുംബത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതും മറക്കാനാവാത്ത അനുഭവമാണ്– ശ്രീജേഷ് പറഞ്ഞു.