ADVERTISEMENT

ചെന്നൈ∙ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനേക്കുറിച്ച് മുൻപ് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന്, ഇല്ല എന്ന മറുപടിയുമായി ഒളിംപിക് മെഡൽ ജേതാവും ഷൂട്ടിങ് താരവുമായ മനു ഭാക്കർ. ചെന്നൈയിലെ ഒരു സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനേക്കുറിച്ച് മുൻപു കേട്ടിട്ടുണ്ടോയെന്ന ചോദ്യം ഒരു വിദ്യാർഥിനി ഉയർത്തിയത്. ‘ഇല്ല’ എന്നായിരുന്നു ചിരിയോടെയുള്ള മനു ഭാക്കറിന്റെ മറുപടി.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പരസ്യത്തിനായി തമിഴ്നാട് സർക്കാർ ചെലവഴിച്ച പണം വെറുതെയായി എന്നുൾപ്പെടെ, ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ചെന്നൈയിലെ വേലമ്മാൾ നെക്സസ് സ്കൂളിൽ നടന്ന ചടങ്ങിനിടെയാണ് വിദ്യാർഥികൾ, ‘റാപ്പിഡ് ഫയർ’ മാതൃകയിൽ മനു ഭാക്കറിനു മുന്നിൽ ചോദ്യങ്ങളുമായി എത്തിയത്. തമിഴ്നാടുമായി ബന്ധപ്പെട്ട ആളുകൾ, സ്ഥലങ്ങൾ തുടങ്ങിയവയേക്കുറിച്ച് ഒരു വിദ്യാർഥിനി ചോദിക്കുമ്പോൾ, മനു ഭാക്കർ അതേക്കുറിച്ച് മുൻപു കേട്ടിട്ടുണ്ടോ എന്ന് മറുപടി പറയുന്നതായിരുന്നു പരിപാടി.

‘തമിഴ്നാട്ടുകാരുയെ സ്പെഷൽ വിഭവമായ പൊങ്കൽ ഇതുവരെ കഴിച്ചിട്ടുണ്ടോ’ എന്നതായിരുന്നു ആദ്യ ചോദ്യം. പൊങ്കൽ കഴിച്ചിട്ടുണ്ടെന്നും, ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഇഷ്ടമാണെന്നുമായിരുന്നു മനു ഭാക്കറിന്റെ മറുപടി.

തുടർന്ന് മഹാബലിപുരം, മീനാക്ഷി അമ്മൻ ക്ഷേത്രം തുടങ്ങിയവയെക്കുറിച്ച് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതിനു പിന്നാലെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനേക്കുറിച്ച് കേട്ടിട്ടുണ്ടോയെന്ന ചോദ്യമുയർന്നത്. ഇല്ല എന്നായിരുന്നു ചിരിയോടെ മനു ഭാക്കറിന്റെ മറുപടി. 

അതേസമയം, യുവ ചെസ് താരം പ്രഗ്‌നാനന്ദയെക്കുറിച്ച് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന്, ഉണ്ടെന്നും പ്രഗ്നാനന്ദ മത്സരിക്കുന്നത് കണ്ടിട്ടുണ്ടെന്നും മനു ഭാക്കർ മറുപടി നൽകി. തമിഴ് നടൻ വിജയ്‌‌യേക്കുറിച്ച് മുൻപു കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന്, ഉണ്ട് എന്ന താരത്തിന്റെ മറുപടി വൻ ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്.

English Summary:

Manu Bhaker Asked 'If She Ever Heard of MK Stalin' Her Response Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com