കോർണർ എടുക്കാൻ പോകുന്ന വഴി ഗ്രൗണ്ടിന്റെ മൂലയ്ക്ക് മൂത്രമൊഴിച്ചു; ചുവപ്പുകാർഡ് പുറത്തെടുത്ത് റഫറി – വിഡിയോ
Mail This Article
ലിമ∙ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്തിന്റെ ഒരു മൂലയ്ക്ക് മൂത്രമൊഴിച്ച താരത്തെ ചുവപ്പു കാർഡ് കാട്ടി പുറത്താക്കി റഫറി. ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലാണ് സംഭവം. പെറുവിൽ നിന്നുള്ള താരമായ സെബാസ്റ്റ്യൻ മുനോസിനാണ് ഗ്രൗണ്ടിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ചുവപ്പുകാർഡ് ലഭിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
പെറുവിലെ മൂന്നാം ഡിവിഷൻ ക്ലബുകൾ കളിക്കുന്ന കോപ്പ പെറു ടൂർണമെന്റിൽ അത്‌ലറ്റിക്കോ അവാജുൻ – കാന്റോർസില്ലോ എഫ്സി മത്സരത്തിനിടെയാണ് കൗതുകകരമായ സംഭവം നടന്നത്. മത്സരത്തിന്റെ 71–ാം മിനിറ്റിൽ അത്‍ലറ്റിക്കോ അവാജുന് അനുകൂലമായി കോർണർ കിക്ക് ലഭിച്ചു. എതിർ ടീമിന്റെ ഗോൾകീപ്പറിനേറ്റ പരുക്കിനെ തുടർന്ന് കോർണർ കിക്കെടുക്കാൻ അൽപം വൈകി.
കോർണർ കിക്കെടുക്കാൻ തയാറെടുത്തുനിന്ന സെബാസ്റ്റ്യൻ മുനോസ്, ഗോൾകീപ്പറിനെ ചികിത്സിക്കാൻ വൈദ്യസംഘം ഗ്രൗണ്ടിലേക്ക് എത്തിയതോടെ മത്സരം പുനരാരംഭിക്കാൻ വൈകുമെന്ന് മനസ്സിലാക്കി ഗ്രൗണ്ടിന്റെ സൈഡിൽ മൂത്രമൊഴിക്കുകയായിരുന്നു. താരം സൈഡ് ലൈനിനു സമീപം മൂത്രമൊഴിക്കുന്നതു കണ്ട കാന്റോർസില്ലോ താരങ്ങൾ, ഇക്കാര്യം റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി.
താരം ഗ്രൗണ്ടിനരികെ മൂത്രമൊഴിക്കുന്നതു കണ്ട റഫറി, ഉടൻതന്നെ ചുവപ്പുകാർഡ് പുറത്തെടുത്ത് താരത്തെ പുറത്താക്കി. റഫറി ചുവപ്പുകാർഡെടുക്കുന്നതു കണ്ട് അന്തിച്ചു നിൽക്കുന്ന താരത്തെ വിഡിയോയിൽ കാണാം.