ലുസെയ്നിൽ മിന്നിത്തിളങ്ങി നീരജ് ചോപ്ര; പാരിസിലെ ‘വെള്ളി ദൂര’വും മറികടന്ന് സീസണിലെ ‘ബെസ്റ്റ് ത്രോ’, രണ്ടാം സ്ഥാനം
Mail This Article
ലുസെയ്ൻ ∙ ഒളിംപിക്സിലെ രണ്ടാം മെഡലിന്റെ തിളക്കവുമായി എത്തിയ നീരജ് ചോപ്രയ്‌ക്ക്, സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം. ഇന്ത്യയുടെ വിജയപ്രതീക്ഷകളുടെ ഭാരം പേറുന്ന ജാവലിനുമായി ലുസെയ്നിൽ ഇറങ്ങിയ നീരജ് ചോപ്ര അവസാന ശ്രമത്തിൽ ഈ സീസണിലെ തന്നെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.49 മീറ്റർ ദൂരം കണ്ടെത്തിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. പാരിസിൽ വെള്ളി സമ്മാനിച്ച 89.45 മീറ്റർ ദൂരം മെച്ചപ്പെടുത്തിയാണ് ലുസെയ്നിൽ നീരജ് രണ്ടാമനായത്.
90.61 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രനാഡ താരം ആൻഡേഴ്സൻ പീറ്റേഴ്സ് മീറ്റ് റെക്കോർഡോടെ ഒന്നാം സ്ഥാനം നേടി. ജർമൻ താരം ജൂലിയൻ വെബർ 87.08 മീറ്ററോടെ മൂന്നാം സ്ഥാനത്തെത്തി. ലുസെയ്‌നിൽ സീസണിലെ മികച്ച ദൂരം കുറിച്ചെങ്കിലും, 90 മീറ്റർ എന്നത് നീരജിന് എത്തിപ്പിടിക്കാനാത്ത സ്വപ്ന ദൂരമായി അവശേഷിക്കുന്നു.
പാരിസിൽ സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീം, വെള്ളി നേടിയ നീരജ് ചോപ്ര എന്നിവർക്കു പിന്നിൽ മൂന്നാമനായിരുന്നു ഇവിടെ ഒന്നാം സ്ഥാനം നേടിയ ആൻഡേഴ്സൻ. അർഷാദ് നദീം ലുസെയ്‌നിൽ മത്സരിച്ചിരുന്നില്ല. എന്നാൽ പാരിസിലെ ആദ്യ 6 സ്ഥാനക്കാരിൽ മറ്റെല്ലാവരും മത്സരത്തിനുണ്ടായിരുന്നു. പാരിസ് ഒളിംപിക്സിലെ വെള്ളി മെഡൽനേട്ടത്തിനുശേഷമുള്ള നീരജ് ചോപ്രയുടെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കം മുതൽ താളം കണ്ടെത്താൻ വിഷമിച്ച നീരജ് ചോപ്ര, അവസാന രണ്ടു ശ്രമങ്ങളിലാണ് 85 മീറ്റർ തന്നെ പിന്നിട്ടത്.
ആദ്യ ശ്രമത്തിൽ 82.10 മീറ്ററുമായി നാലാമതായിരുന്നു നീരജ്. പിന്നീട് 83.21 മീറ്ററോടെ മൂന്നാം സ്ഥാനത്തേക്കു കയറിയെങ്കിലും അധികം വൈകാതെ നാലാമനായി. മൂന്നാം ശ്രമത്തിൽ നീരജ് 83.13 മീറ്ററുമായി പിന്നിലേക്കു പോയി. നാലാം ശ്രമത്തിൽ വീണ്ടും 83.21 മീറ്റർ ദൂരം കണ്ടെത്തിയെങ്കിലും നാലാമതു തന്നെ. അഞ്ചാം ശ്രമത്തിൽ ആദ്യമായി 85 മീറ്റർ കടന്ന നീരജ്, 85.58 മീറ്റർ ദൂരത്തോടെ മൂന്നാം സ്ഥാനത്തേക്കു കയറി. ഒടുവിൽ അവസാന ശ്രമത്തിൽ സീസണിലെ തന്റെ മികച്ച പ്രകടനമെന്ന ഖ്യാതിയോടെ 89.49 മീറ്ററോടെ രണ്ടാം സ്ഥാനത്തേക്ക്.
ജാവലിൻത്രോയിലെ ഡയമണ്ട് ലീഗ് ചാംപ്യൻപട്ടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ നീരജ്, സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിനു യോഗ്യത നേടി. സെപ്റ്റംബർ 14ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ഡയമണ്ട് ലീഗ് ചാംപ്യനാകുക. 2022 സീസണിൽ ഡയമണ്ട് ലീഗ് ചാംപ്യനായിരുന്ന നീരജ് കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സീസണിലെ ഡയമണ്ട് ലീഗ് മീറ്റുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 6 പേർ മാത്രമാണ് ഡയമണ്ട് ലീഗ് സീസണിന്റെ കലാശപ്പോരാട്ടമായ ഫൈനലിൽ മത്സരിക്കുക. ഡയമണ്ട് ലീഗ് ചാംപ്യനു ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലേക്ക് ‘വൈൽഡ് കാർഡ്’ എൻട്രി ലഭിക്കും.