ADVERTISEMENT

ലുസെയ്ൻ (സ്വിറ്റ്‌സർലൻഡ്) ∙ ജാവലിൻ ത്രോ താരങ്ങൾക്കിടയിലെ ‘സൗഹൃദപ്പോര്’ ഡയമണ്ട് ലീഗ് മത്സരത്തിൽ തനിക്ക് ഊർജമായെന്ന് ഇന്ത്യൻ താരം നീരജ് ചോപ്ര. ലുസെയ്നിലെ ഡയമണ്ട് ലീഗ് മത്സരത്തിൽ സീസൺ ബെസ്റ്റ് പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടിയതിനു പിന്നാലെയാണ് സഹതാരം കെനിയയുടെ ജൂലിയസ് യെഗോയുടെ വാക്കുകൾ തനിക്കു പ്രചോദനമായ കാര്യം നീരജ് വെളിപ്പെടുത്തിയത്. അവസാന ശ്രമത്തിൽ 89.49 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് മത്സരത്തിൽ രണ്ടാമതെത്തിയത്. 90.61 മീറ്റർ ദൂരം കുറിച്ച ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് ഒന്നാമതെത്തിയത്. പാരിസ് ഒളിംപിക്സിൽ പാക്കിസ്ഥാന്റെ അർഷാദ് നദീമിനും നീരജിനും പിന്നിലായി വെങ്കലം നേടിയ താരമാണ് ആൻഡേഴ്സൻ പീറ്റേഴ്സ്. അർഷാദ് ഇവിടെ മത്സരിച്ചില്ല.

‘‘ആദ്യ ത്രോകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവും എന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ അതു വിജയിച്ചില്ല. എന്റെ സമ്മർദം കണ്ടിട്ടാവണം ജൂലിയസ് യെഗോ അടുത്തു വന്നു പറഞ്ഞു. ‘റിലാക്സ്, നിനക്ക് ഇതിലും മികച്ച ദൂരം നേടാനാകും. ആ വാക്കുകൾ എന്നെ സമാധാനിപ്പിച്ചു.’’– നീരജ് പറഞ്ഞു. നാലു റൗണ്ട് ത്രോ പിന്നിട്ടപ്പോൾ 4–ാം സ്ഥാനത്തായിരുന്നു നീരജ്. അഞ്ചാം ശ്രമത്തിൽ 85.58 മീറ്റർ ദൂരം പിന്നിട്ടതോടെ ടോപ് ത്രീയിൽ ഉൾപ്പെട്ട് അവസാന ത്രോയ്ക്ക് അർഹത നേടി. അതിൽ ജർമനിയുടെ ജൂലിയൻ വെബറെ പിന്തള്ളി രണ്ടാമതെത്തുകയും ചെയ്തു.

‘‘പരുക്കിന്റെ അസ്വസ്ഥതകൾ എനിക്കുണ്ടായിരുന്നു. എന്നാൽ ആൻഡേഴ്സൻ 90 മീറ്റർ പിന്നിട്ടതോടെ പോരാട്ടവീര്യം കൈവന്നു. ഒരു കണക്കുകൂട്ടലും ഇല്ലാതെ ഏറ്റവും മികച്ച പ്രകടനം നടത്താനായിരുന്നു അവസാന ത്രോയിൽ എന്റെ ശ്രമം. അതു ഫലിച്ചതിൽ സന്തോഷമുണ്ട്..’’– ഇരുപത്തിയാറുകാരൻ നീരജ് പറഞ്ഞു. നീരജിനു പിന്തുണയേകിയ യെഗോ 6–ാം സ്ഥാനത്താണ് എത്തിയത് (83 മീറ്റർ).

രണ്ടാം സ്ഥാനവുമായി ഇന്നലെ 7 പോയിന്റ് നേടിയതോടെ ഡയമണ്ട് ലീഗ് പോയിന്റ് പട്ടികയിൽ 15 പോയിന്റോടെ വെബർക്കൊപ്പം സംയുക്ത മൂന്നാം സ്ഥാനത്താണ് നീരജ്. 21 പോയിന്റോടെ ആൻഡേഴ്സൻ പീറ്റേഴ്സ് ഒന്നാമതും 16 പോയിന്റോടെ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌‌ലെജ് രണ്ടാം സ്ഥാനത്തുമാണ്. പോയിന്റ് പട്ടികയിൽ മുന്നിലുള്ള 6 പേരാണ് സെപ്റ്റംബർ 14ന് ബൽജിയത്തിലെ ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിനു യോഗ്യത നേടുക. അതിനു മുൻപ് സെപ്റ്റംബർ അഞ്ചിന് സൂറിക്കിലും മത്സരമുണ്ട്.

English Summary:

Neeraj Chopra reveals his inspiration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com