ADVERTISEMENT

തിരുവനന്തപുരം ∙ ഒളിംപിക്സിൽ വെങ്കലം നേടിയ ഹോക്കി താരം പി.ആർ.ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി.ശിവൻകുട്ടിയും വി.അബ്ദുറഹിമാനും തമ്മിലുള്ള തർക്കംമൂലം മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നൽകാൻ വകുപ്പിനാണ് അർഹതയെന്നു ശിവൻകുട്ടിയും ഒളിംപിക്സ് മെഡൽ ജേതാവിനു സ്വീകരണം നൽകേണ്ടത് കായിക വകുപ്പാണെന്ന് അബ്ദുറഹിമാനും വാദിച്ചതോടെ ചടങ്ങ് മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

ശ്രീജേഷിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്നലെ സ്വീകരണം നൽകാനായിരുന്നു കായിക വകുപ്പിന്റെ തീരുമാനം. എന്നാൽ, മുഖ്യമന്ത്രി അസൗകര്യം അറിയിച്ചതോടെ ചടങ്ങു മറ്റൊരു ദിവസം നടത്താമെന്നു കായികവകുപ്പ് അറിയിച്ചു. ഇതിനിടെ, ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിനു നാളെ സ്വീകരണം നൽകാൻ തീരുമാനിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഉറപ്പും ലഭിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നു ജിമ്മി ജോർജ് സ്റ്റേഡിയം വരെ ഘോഷയാത്രയും ആസൂത്രണം ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി ശിവൻകുട്ടി വാർത്താസമ്മേളനവും നടത്തി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മുഹമ്മദ് അനസ്, കുഞ്ഞ് മുഹമ്മദ്, പി.യു.ചിത്ര, വി.കെ.വിസ്മയ, വി.നീന എന്നിവർക്കു വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർമാരായുള്ള നിയമന ഉത്തരവ് ചടങ്ങിൽ മുഖ്യമന്ത്രി കൈമാറുമെന്നും മന്ത്രി അറിയിച്ചു. അപ്പോഴേക്കും അബ്ദുറഹിമാൻ മുഖ്യമന്ത്രിയോടു പരാതി പറഞ്ഞു. തുടർന്നാണു സ്വീകരണം മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. 

English Summary:

Dispute between ministers; Sreejesh's reception postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com