കെ. കരുണാകരൻ സ്പോർട്സ് കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച സ്പോർട്സ് ലേഖനത്തിനുള്ള പുരസ്കാരം വി.മിത്രന്
Mail This Article
കോഴിക്കോട്∙ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 5–ാമത് കെ.കരുണാകരൻ സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചു. യുവ പ്രതിഭ പുരസ്കാരത്തിന് ഇന്ത്യൻ റഗ്ബി താരവും ചക്കാലക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമിയിലെ എൻ.പി. മുഹമ്മദ് ഹാദി അർഹനായി. മികച്ച സ്പോർട്സ് ലേഖനത്തിനുള്ള അവാർഡ് മലയാള മനോരമ ദിനപത്രത്തിലെ സീനിയർ റിപ്പോർട്ടർ വി. മിത്രനും മികച്ച ദൃശ്യ- മാധ്യമ റിപ്പോർട്ടർക്കുള്ള അവാർഡിന് മീഡിയ വൺ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ഷിദ ജഗതും അർഹരായി.
മികച്ച കായിക സംഘാടകനുള്ള പുരസ്കാരം ബോൾ ബാഡ്മിന്റൻ ജില്ലാ പ്രസിഡന്റ് സുബൈർ കൊളക്കാടനും മികച്ച പരിശീലകനായി ഫൂട്ട് വോളി ഇന്ത്യൻ കോച്ച് കെ. അമൽ സേതുമാധവനും തെരഞ്ഞടുക്കപ്പെട്ടു.
മികച്ച ക്ലബിനുള്ള അവാർഡ് ചക്കാലക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമിയും അർഹരായി. ചക്കാലക്കൽ അക്കാദമിക്ക് മലയാള മനോരമയുടെ കേരളത്തിലെ ഏറ്റവും മികച്ച ക്ലബിനുള്ള മനോരമ സ്പോർട്സ് ക്ലബ് 2023 പുരസ്കാരം ലഭിച്ചിരുന്നു. ഒക്ടോബർ 2ന് ഡിസിസി ഓഫിസിൽ നടക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എംപി പുരസ്കാരങ്ങൾ സമ്മാനിക്കും.
കോൺഗ്രസ് കായിക വിഭാഗമായ കെപിസിസി ദേശീയ കായിക വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ കായിക മേഖലയിലെ മികച്ച സംഭാവനകൾക്ക് ഏർപ്പെടുത്തി അവാർഡ് 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്. 2020ൽ ആരംഭിച്ചതാണ് കെ.കരുണാകരൻ സ്പോർട്സ് അവാർഡ്.
പ്രഖ്യാപന ചടങ്ങിൽ കെപിസിസി ദേശീയ കായിക വേദി സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് അടിവാരം, ജില്ലാ പ്രസിഡന്റ് ഒ.കെ. മുഹമ്മദ് റാഫി, പി. വിനീഷ് കുമാർ, ഷെബീർ ഫറോക്ക്, ടി.കെ. സിറാജുദ്ദീൻ, റനീഫ് മുണ്ടോത്ത് എന്നിവർ പങ്കെടുത്തു.