ADVERTISEMENT

പാരിസ് ∙ പാരാലിംപിക്സ് ആർച്ചറിയിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി പതിനേഴുകാരി ശീതൾ ദേവിയുടെ മിന്നും പ്രകടനം. ഇരുകൈകളുമില്ലാതെ കാലുകൊണ്ട് ഞാ‌ൺ വലിക്കുന്ന അദ്ഭുതതാരം വനിതാ കോംപൗണ്ട് ആർച്ചറി റാങ്കിങ് റൗണ്ടിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ രണ്ടാംസ്ഥാനം നേടി. ആകെ 703 പോയിന്റ് നേടിയ ശീതൾ നിലവിലെ ലോക റെക്കോർഡും പാരാലിംപിക്സ് റെക്കോർഡും മറികടന്നു.

പാരാ ആർച്ചറി റാങ്കിങ് റൗണ്ടിൽ മത്സരിക്കുന്ന ഇന്ത്യയുടെ ശീതൾ ദേവി.
പാരാ ആർച്ചറി റാങ്കിങ് റൗണ്ടിൽ മത്സരിക്കുന്ന ഇന്ത്യയുടെ ശീതൾ ദേവി.

എന്നാ‍ൽ ശീതളിനെ ഒരു പോയിന്റ് വ്യത്യാസത്തിൽ മറികടന്ന് ഒന്നാമതെത്തിയ തുർക്കിയുടെ ഓസ്നർ ഗിർദി (704 പോയിന്റ്) പുതിയ ലോക റെക്കോർഡിനുടമയായി. ആർച്ചറിയിൽ ഇരുകൈകളുമില്ലാതെ പാരിസ് പാരാലിംപിക്സിൽ മത്സരിക്കുന്ന ഏക വനിതാ താരം ജമ്മു കശ്മീർ സ്വദേശിനിയായ ശീതളാണ്. ഇതേ ഇനത്തിൽ ഇന്ത്യയുടെ സരിത ദേവി ആറാം സ്ഥാനത്തെത്തി. മെഡൽ റൗണ്ട് മത്സരങ്ങൾ നാളെ ആരംഭിക്കും. 

പാരിസ് പാരാലിംപിക്സിന്റെ ആദ്യ മത്സരദിനമായ ഇന്നലെ പാരാ ബാഡ്മിന്റനിലാണ് കൂടുതൽ ഇന്ത്യൻ താരങ്ങൾ മത്സരത്തിനിറങ്ങിയത്. വനിതാ സിംഗിൾസിൽ നിത്യ ശ്രീ, മനിഷ രാംദാസ്, തുളസി മുരുകേശൻ, പലക് കോലി എന്നിവർ ആദ്യ മത്സരം വിജയിച്ചപ്പോൾ മാനസി ജോഷി പരാജയപ്പെട്ടു.

പുരുഷ സിംഗിൾസിൽ നിതേഷ് കുമാർ, സുകാന്ത്, തരുൺ ധില്ലൻ എന്നിവരും ആദ്യ ജയം നേടി. ശരീരപരിമിതികളുടെ തോത് അനുസരിച്ച് വിവിധ വിഭാഗങ്ങളിലായാണ് പാരാ ബാഡ്മിന്റൻ മത്സരങ്ങൾ. ഗ്രൂപ്പ് റൗണ്ടിലെ ഒന്നാംസ്ഥാനക്കാർ സെമിയിലേക്കു മുന്നേറും. പുരുഷ റീകർവ് ആർച്ചറി റാങ്കിങ് റൗണ്ടിൽ ഇന്ത്യയുടെ ഹർവീന്ദർ സിങ് ഒൻ‌പതാംസ്ഥാനം നേടി.

English Summary:

Paralympics: Seventeen-year-old Sheetal Devi breaks current world record in archery ranking round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com