ADVERTISEMENT

ജീവിതത്തിൽ ഒരിക്കൽ മാത്രമേ അവനി ലെഖാരയെന്ന ഷൂട്ടർക്ക് ലക്ഷ്യം പിഴച്ചിട്ടുള്ളൂ. അതും ഷൂട്ടിങ്ങിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന 11–ാം വയസ്സിൽ. അന്നു നടന്ന ഒരു കാർ അപകടം അവനിയുടെ ജീവിതം കീഴ്മേൽ മറിച്ചു. അപകടത്തിൽ അരയ്ക്കു താഴേക്കു തളർന്ന അവനി, പക്ഷേ ജീവിതത്തിൽ തളർന്നില്ല. വിധി വഴിതിരിച്ചുവിട്ട ട്രാക്കിൽ  പൊരുതാൻ തന്നെയായിരുന്നു അവനിയുടെ തീരുമാനം. ആ നിശ്ചയദാർഢ്യമാണ് ഇരുപത്തിരണ്ടാം വയസ്സി‍ൽ രണ്ടാം പാരാലിംപിക്സ് സ്വർണമെന്ന റെക്കോർഡ് നേട്ടത്തിന്റെ നെറുകയിൽ അവനിയെ എത്തിച്ചിരിക്കുന്നത്.

അപകടത്തിൽ അരയ്ക്കു താഴെ തളർന്നുപോയതോടെ, മകൾ വിഷാദത്തിലേക്കു വഴുതിവീഴുമെന്നു ഭയന്ന അച്ഛൻ പ്രവീണാണ് പതിനൊന്നുകാരി അവനിയെ കായികലോകത്തേക്ക് കൈപിടിച്ചുനടത്തിയത്. ആർച്ചറിയായിരുന്നു ആദ്യ ഇനം. രണ്ടു വർഷത്തോളം ആർച്ചറിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച അവനി, ‘തോക്ക്’ കയ്യിലെടുക്കാൻ കാരണം സാക്ഷാൽ അഭിനവ് ബിന്ദ്രയാണ്. ബെയ്ജിങ് ഒളിംപിക്സ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ബിന്ദ്രയുടെ ആത്മകഥ വായിച്ചതിനു പിന്നാലെയാണ് അവനിയുടെ മനസ്സ് ഷൂട്ടിങ് റേഞ്ചിലേക്കു തിരിഞ്ഞത്.

മകളുടെ ആഗ്രഹത്തിന് ഉറച്ച പിന്തുണയുമായി പ്രവീണും അമ്മ ശ്വേതയും കൂടെ നിന്നതോടെ 14–ാം വയസ്സിൽ അവനിയുടെ ചക്രക്കസേര ആർച്ചറി ഫീൽഡിൽ നിന്ന് ഷൂട്ടിങ് റേഞ്ചിലേക്ക് ഉരുണ്ടു. നിലവിൽ രാജസ്ഥാൻ വനം വകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്ററായ അവനി, രാജസ്ഥാൻ സർവകലാശാലയിലെ  എൽഎൽബി വിദ്യാർഥിനിയാണ്. 2021ൽ ഖേൽരത്ന പുരസ്കാരവും അടുത്ത വർഷം പത്മശ്രീയും ലഭിച്ചു.

English Summary:

Abhinav Bindra's autobiography brought Avni to the shooting range

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com