ഗോൾഡൻ ജംപ്: എൻ.വി. ഷീനയുടെ ട്രിപ്പിൾ ജംപ് സ്വർണത്തിലൂടെ കേരളവും ആദ്യ ദിനം മെഡൽ പട്ടികയിൽ
Mail This Article
ബെംഗളൂരു ∙ നിലവിലെ ചാംപ്യന്മാരായ റെയിൽവേ ഒന്നു പിൻവലിഞ്ഞപ്പോൾ ഒരു പോലെ മുന്നേറി സർവീസസും ഹരിയാനയും. ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ തുടക്കം. ഇന്നലെ 6 ഫൈനലുകളിൽ സർവീസസും ഹരിയാനയും രണ്ട് സ്വർണം വീതം നേടി. എൻ.വി. ഷീനയുടെ ട്രിപ്പിൾ ജംപ് സ്വർണത്തിലൂടെ കേരളവും ആദ്യ ദിനം മെഡൽ പട്ടികയിൽ ഇടംപിടിച്ചു.
ഒടുവിൽ പറന്നു ഷീന വനിതാ ട്രിപ്പിൾ ജംപിൽ
റെയിൽവേയുടെ ആന്ധ്ര താരം മല്ലല അനുഷയുടെ ശക്തമായ വെല്ലുവിളി അവസാന ചാട്ടത്തിൽ മറികടന്നാണു ഷീന സ്വർണം നേടിയത്. അവസാന ചാട്ടം വരെ ഏഴാം സ്ഥാനത്തായിരുന്നു ഷീന. അവസാന ജംപിന് എത്തുമ്പോൾ ശ്രീകണ്ഠീരവയിൽ മഴ പെയ്തു തുടങ്ങിയിരുന്നു. 13.27 മീറ്റർ ചാടി സ്വർണം സ്വന്തമാക്കി ഷീന മെഡൽച്ചിരിയുമായി മടങ്ങി. 13.17 മീറ്റർ ചാടിയ അനുഷ രണ്ടാമതായി. തിരുവനന്തപുരത്ത് കൃഷിവകുപ്പിൽ ജോലി ചെയ്യുന്ന ഷീന തൃശൂർ ചേലക്കര സ്വദേശിയാണ്. പാലാ സ്വദേശി പിന്റോ മാത്യുവാണു പരിശീലകൻ.
റെക്കോർഡ് ഗുൽവീർ
5000 മീറ്റർ ഓട്ടത്തിൽ 30 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് ഇരുപത്തിയാറുകാരൻ ഗുൽവീർ സിങ്. സർവീസസ് താരമായ ഗുൽവീർ 13:54.70 മിനിറ്റിൽ ഓടിയെത്തിയാണ് ബഹാദൂർ സിങ്ങിന്റെ 13:54.72 മിനിറ്റ് എന്ന മീറ്റ് റെക്കോർഡ് തകർത്തത്. ഈ വർഷം ജൂണിൽ പോർട്ട്ലൻഡ് ട്രാക്ക് ഫെസ്റ്റിവലിൽ 13:18.92 മിനിറ്റിൽ 5000 മീറ്റർ ഫിനിഷ് ചെയ്ത് ഗുൽവീർ ദേശീയ റെക്കോർഡും സ്ഥാപിച്ചിരുന്നു.