കൊല്ലം കൊള്ളാം! : ദേശീയ ഓപ്പൺ അത്ലറ്റിക്സിൽ കൊല്ലം സ്വദേശികളായ ജോമോൻ ജോയിക്ക് സ്വർണം, മുഹമ്മദ് അനീസിന് വെള്ളി
Mail This Article
ബെംഗളൂരു ∙ ഉയരങ്ങളിൽ കേരളത്തിനു സ്വർണ തിളക്കം. ദേശീയ ഓപ്പൺ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ കേരളത്തിന് ഇന്നലെ ഒരു സ്വർണവും വെള്ളിയും. പുരുഷന്മാരുടെ ഹൈജംപിൽ ജോമോൻ ജോയി സ്വർണം നേടിയപ്പോൾ ലോങ്ജംപിൽ വൈ.മുഹമ്മദ് അനീസ് വെള്ളി നേടി. ഇരുവരും കൊല്ലം സ്വദേശികളാണ്. ഇതോടെ മീറ്റിൽ കേരളത്തിന്റെ മെഡൽ നേട്ടം 2 സ്വർണവും 2 വെള്ളിയുമായി. വനിതാ ട്രിപ്പിൾ ജംപിൽ സ്വർണവും മിക്സഡ് റിലേയിൽ വെള്ളിയും നേരത്തെ നേടിയിരുന്നു.
ചാംപ്യൻഷിപ് ഇന്നു സമാപിക്കാനിരിക്കെ 11 സ്വർണവുമായി നിലവിലെ ചാംപ്യന്മാരായ റെയിൽവേസാണ് മുന്നിൽ. ഇന്നലെ റെയിൽവേ 4 സ്വർണം നേടി. ഈ വർഷം നടന്ന ഖേലോ ഇന്ത്യ ദേശീയ സർവകലാശാല മീറ്റിലെ സ്വർണത്തിന്റെ തുടർച്ചയായാണ് പുരുഷ ഹൈജംപിൽ കൊല്ലം ശൂരനാട് സ്വദേശിയായ ജോമോൻ ജോയിയുടെ സ്വർണ നേട്ടം.
സർവകലാശാല മീറ്റിൽ 2.13 മീറ്റർ ചാടിയാണു ജോമോൻ സ്വർണം നേടിയതെങ്കിൽഇന്നലെ ഒരു സെന്റീമീറ്റർ മെച്ചപ്പെടുത്തി 2.14 മീറ്റർ ചാടി സ്വർണം കൈപ്പിടിയിലാക്കി. കൊല്ലം സായ് സെന്ററിൽ പരിശീലിക്കുന്ന ജോമോൻ കരിക്കോട് ടികെഎം കോളജിലെ ബികോം വിദ്യാർഥിയാണ്.
പിടിച്ചു നേടിയ വെള്ളി
പുരുഷ ലോങ്ജംപിൽ അവസാന ചാട്ടത്തിൽ കേരളത്തിന്റെ വൈ.മുഹമ്മദ് അനീസ് വെള്ളി മെഡൽ പിടിച്ചു വാങ്ങി. അതുവരെ മുന്നിലുണ്ടായിരുന്ന പഞ്ചാബിന്റെ ജഗ്‌രൂപിനെ അവസാന ഊഴത്തിലാണ് അനീസ് മറികടന്നത് (7.78 മീറ്റർ). റെയിൽവേയുടെ എസ്.ആര്യയ്ക്കാണു (7.89 മീറ്റർ) സ്വർണം. കൊല്ലം നിലമേൽ സ്വദേശിയായ അനീസ് കേരള പൊലീസ് താരമാണ്.
ആൻസി എന്ന പെൺതരി
വനിതാ ലോങ്ജംപിൽ ഇന്ന് സർവീസസിനു വേണ്ടി തൃശൂർ നാട്ടിക സ്വദേശിനി ആൻസി സോജൻ ഇറങ്ങുമ്പോൾ അതൊരു ചരിത്രമാണ്. ആദ്യമായാണു ഒരു വനിത കായിക താരം നാവികസേനയുടെ പ്രതിനിധിയായി സർവീസസിനു വേണ്ടി ദേശീയ അത്‌ലറ്റിക് മീറ്റിന് എത്തുന്നത്. ഈ വർഷം ആദ്യമാണു ആൻസി നാവിക സേനയുടെ ഭാഗമായത്. കൊച്ചിയിൽ ചീഫ് പെറ്റി ഓഫിസർ റാങ്കിലാണ് നിയമനം. കേരളത്തിനായി നയന ജയിംസും ലോങ്ജംപിൽ മത്സരിക്കും.