പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം, ബാഡ്മിന്റനിൽ നിതേഷ് കുമാർ ഒന്നാമൻ
Mail This Article
പാരിസ്∙ പാരാലിംപിക്സില്‍ ഇന്ത്യയ്ക്കു രണ്ടാം സ്വർണം. പുരുഷ സിംഗിൾസ് ബാഡ്മിന്റൻ എസ്എല്‍ 3 ഇനത്തിൽ നിതേഷ് കുമാറാണു സ്വർണം നേടിയത്. സ്വര്‍ണ മെഡൽ പോരാട്ടത്തിൽ ബ്രിട്ടീഷ് താരം ഡാനിയൽ ബെതലിനെ 21–14, 18–21, 23–21 എന്ന സ്കോറിനാണ് ഇന്ത്യൻ താരം കീഴടക്കിയത്. മത്സരത്തിന്റെ ആദ്യ ഗെയിം ഇന്ത്യന്‍ താരം അനായാസം സ്വന്തമാക്കിയിരുന്നെങ്കിലും, രണ്ടാം ഗെയിമിൽ ബ്രിട്ടിഷ് താരം ശക്തമായി തിരിച്ചെത്തിയിരുന്നു.
ഒപ്പത്തിനൊപ്പം പോരാടിയ ശേഷമായിരുന്നു 23–21ന് ഇന്ത്യൻ താരം മൂന്നാം സെറ്റും സ്വര്‍ണവും വിജയിച്ചത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിള്‍ എസ്എച്ച് 1 ഇനത്തിൽ അവനി ലേഖാറയാണ് പാരാലിംപിക്സിൽ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്.
പാരാ ബാഡ്മിന്റൻ വനിതാ സിംഗിൾസ് എസ്‍യു 5 വിഭാഗത്തിൽ ഇന്ത്യൻ താരം തുളസിമതി മുരുഗേശൻ വെള്ളി നേടി. ഫൈനലിൽ ചൈനയുടെ യാങ് ക്വിസ്യയോടാണ് തുളസിമതി തോറ്റത്. ബാഡ്മിന്റൻ വനിതാ സിംഗിൾസ് എസ്‍യു 5 വിഭാഗത്തിൽ ഇന്ത്യയുടെ മനിഷാ രാമദാസ് വെങ്കലവും നേടി.