പാരാലിംപിക്‌സിൽ ഇന്ത്യയ്ക്ക് 7–ാം മെഡൽ; ഹൈജംപ് ടി47ൽ നിഷാദ് കുമാറിന് വെള്ളി
Mail This Article
പാരിസ് ∙ പാരാലിംപിക്‌സിൽ ഇന്ത്യയ്ക്കു വീണ്ടും മെഡൽ. പുരുഷന്മാരുടെ ഹൈജംപ്– ടി47ൽ ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി നേടി. 2.04 മീറ്ററോടെ സീസണിലെ മികച്ച പ്രകടനമായിരുന്നു നിഷാദിന്റേത്. നേരത്തേ, വനിതകളുടെ 200 മീറ്റർ ടി35 ൽ ഇന്ത്യയുടെ പ്രീതി പാൽ വെങ്കലം നേടിയിരുന്നു. പാരീസിൽ തന്റെ രണ്ടാം മെഡലാണ് പ്രീതി പാൽ നേടിയത്. ഇതോടെ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റായി പ്രീതി പാൽ ചരിത്രം സൃഷ്ടിച്ചു.
28.15 സെക്കൻഡിലും 29.09 സെക്കൻഡിലുമാണ് ചൈനീസ് താരങ്ങളായ സിയാ സോ, ഗുവോ ക്വിയാൻക്യാൻ എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും നേടിയത്. മൂന്നാം സ്ഥാനത്ത് എത്തിയ പ്രീതി 30.01 സെക്കൻഡിൽ ഫിനിഷ് ചെയ്തു.
ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിനിയായ പ്രീതിപാൽ, സാധാരണ കർഷക കുടുംബത്തിലാണ് ജനിച്ചത്. മേയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ഇതേ ഇനത്തിൽ വെങ്കലം നേടിയിരുന്നു. പ്രീതിയുടെ വിജയത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വളർന്നുവരുന്ന കായികതാരങ്ങളെ ഈ വിജയം തീർച്ചയായും പ്രചോദിപ്പിക്കുമെന്ന് എക്സിൽ കുറിച്ചു.