ജംപ് ജംപ് ആൻസി!: ദേശീയ ഓപ്പൺ അത്ലറ്റിക്സ്: റെയിൽവേസിന് കിരീടം
Mail This Article
ബെംഗളൂരു ∙ 39 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തിരുത്തി ഒളിംപ്യൻ വിദ്യാ രാംരാജും കരിയറിലെ മികച്ച പ്രകടനവുമായി മലയാളി താരം ആൻസി സോജനും കളം നിറഞ്ഞ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിനു സമാപനം. 318 പോയിന്റുമായി റെയിൽവേ ഓവറോൾ കിരീടം നിലനിർത്തി. 137 പോയിന്റുമായി സർവീസസ് പുരുഷ വിഭാഗത്തിലും 201 പോയിന്റുമായി റെയിൽവേ വനിതാ വിഭാഗത്തിലും ജേതാക്കളായി. മീറ്റിന്റെ അവസാന ദിനം ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിനായി സെബാസ്റ്റ്യൻ ഷിബു വെങ്കലം നേടി. കേരളത്തിന്റെ ആകെനേട്ടം: 2 സ്വർണം, 2 വെള്ളി, ഒരു വെങ്കലം.
കരിയറിലെ മികച്ച പ്രകടനം നടത്തിയാണ് മലയാളി താരം ആൻസി സോജൻ ലോങ് ജംപിൽ 6.71 മീറ്റർ പ്രകടനത്തോടെ സർവീസസിനായി സ്വർണം നേടിയത്. കൊച്ചിയിൽ, നാവികസേനയിൽ ചീഫ് പെറ്റി ഓഫിസറാണു ആൻസി. അഞ്ചാം ശ്രമത്തിലാണു ആൻസി 6.71 മീറ്റർ ചാടിയത്. മീറ്റിലെ മികച്ച വനിതാ താരമായും ആൻസിയെ തിരഞ്ഞെടുത്തു. തമിഴ്നാടിന്റെ ബി.നിതിനാണു മികച്ച പുരുഷ താരം. 200 മീറ്ററിൽ മീറ്റ് റെക്കോർഡോടെ നിതിൻ സ്വർണം നേടി.
39 വർഷത്തെ ചരിത്രം
39 വർഷം പി.ടി. ഉഷയുടെ പേരിലുണ്ടായിരുന്ന വനിതകളുടെ 400 മീറ്റർ ഹർഡിൽസിലെ മീറ്റ് റെക്കോർഡാണു റെയിൽവേയുടെ തമിഴ്നാട് താരം വിദ്യ രാംരാജ് തിരുത്തിയത്. 56.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത വിദ്യ, 1985ൽ പി.ടി. ഉഷ സ്ഥാപിച്ച 56.80 സെക്കൻഡ് എന്ന മീറ്റ് റെക്കോർഡ് പുതുക്കി. ഈ ഇനത്തിലെ ദേശീയ റെക്കോർഡ് പി.ടി. ഉഷയുടെയും വിദ്യയുടെയും പേരിലാണ്. വിദ്യ ഫിനിഷ് ലൈൻ തൊട്ടപ്പോൾ ആഹ്ലാദവുമായി ഇരട്ട സഹോദരി നിത്യ രാംരാജുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 100 മീറ്റർ ഹർഡിൽസിൽ നിത്യയും സ്വർണം നേടിയിരുന്നു.
മലയാളിത്തിളക്കം
സീനിയർ തലത്തിൽ ആദ്യ ദേശീയ മീറ്റിന് എത്തിയ ഇരിങ്ങാലക്കുട സ്വദേശി സെബാസ്റ്റ്യൻ ഷിബു പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ വെങ്കലം നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിയാണ്. സർവീസസിനു വേണ്ടി മലയാളി താരം മുഹമ്മദ് അഫ്സലും സ്വർണം നേടി. 800 മീറ്ററിലാണ് ഈ ഒറ്റപ്പാലത്തുകാരന്റെ സുവർണ നേട്ടം. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ മലപ്പുറം മഞ്ചേരി സ്വദേശി എം.പി.ജാബിർ വെള്ളി നേടി.