പാരാലിംപിക്സ്: വനിതാ 400 മീറ്ററിൽ ദീപ്തി ജീവാൻജിയ്ക്ക് വെങ്കലം
Mail This Article
പാരിസ് ∙ പാരാലിംപിക്സിൽ ഇന്ത്യൻ മെഡൽവേട്ട തുടരുന്നു. അത്‍ലറ്റിക്സിൽ വനിതാ 400 മീറ്ററിൽ ദീപ്തി ജീവാൻജി വെങ്കലം നേടിയതോടെ രാജ്യത്തിന്റെ മെഡൽനേട്ടം 16 ആയി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ (ടി4) വിഭാഗത്തിൽ മത്സരിച്ച ഇരുപതുകാരി ദീപ്തി 55.82 സെക്കൻഡിൽ ഫിനിഷ് ചെയ്തു. പാരിസ് പാരാലിംപിക്സ് ട്രാക്ക് ഇനങ്ങളിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്.
അവനിക്ക് നിരാശ
മെഡൽ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ ഷൂട്ടിങ് താരം അവനി ലെഖാരയ്ക്ക് വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഷൂട്ടിങ്ങിൽ അഞ്ചാംസ്ഥാനം മാത്രം. ഗെയിംസിന്റെ ആദ്യദിനം 10 മീറ്റർ എയർറൈഫിളിൽ സ്വർണം നേടിയ അവനി ഇന്നലെ ഫൈനലിന്റെ തുടക്കത്തിലും മെഡൽ പ്രതീക്ഷയുണർത്തി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. എന്നാൽ അവസാന റൗണ്ടുകളിലെ പിഴവുകൾ വിനയായി. ടോക്കിയോ പാരാലിംപിക്സിൽ അവനി വെങ്കലം നേടിയ മത്സരയിനമാണിത്.