മണ്ണിലും വിണ്ണിലും ഡുപ്ലന്റിസ് ! മത്സരത്തിൽ കാർസ്റ്റൻ വാർഹോമിനെ തോൽപിച്ചു
Mail This Article
സൂറിക് ∙ പോൾവോൾട്ടിന്റെ ഉയരങ്ങളിൽനിന്ന് ട്രാക്കിലെ വേഗപോരാട്ടത്തിലേക്ക് ഇറങ്ങിയപ്പോഴും ഡുപ്ലന്റിസ് തന്നെ രാജാവ്. ലോകം ആവേശത്തോടെ കാത്തിരുന്ന 100 മീറ്റർ പോരാട്ടത്തിൽ നോർവേയുടെ കാർസ്റ്റർ വാർഹോമിനെ (10.47 സെക്കൻഡ്) തോൽപിച്ച് സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ് (10.37 സെക്കൻഡ്) ജേതാവായി.
സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിനു മുന്നോടിയായാണ് 400 മീറ്ററിലെ ലോക റെക്കോർഡ് ജേതാവായ വാർഹോമും പോൾവോൾട്ടിൽ 10 തവണ ലോക റെക്കോർഡ് തിരുത്തിയ ഡുപ്ലന്റിസും തമ്മിലുള്ള പ്രദർശന മത്സരം സംഘടിപ്പിച്ചത്. സ്വീഡിഷ് താരങ്ങളിൽ ഈ വർഷത്തെ മികച്ച മൂന്നാമത്തെ സമയം കുറിച്ചാണ് ഡുപ്ലന്റിസ് തിളങ്ങിയത്. വനിതാ 100 മീറ്ററിലെ ലോക റെക്കോർഡായ 10.49 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ ഡുപ്ലന്റിസും വാർഹോമും ഇന്നലെ ഫിനിഷ് ചെയ്തു.