റുഥർഫോഡിന് യുഎസിൽ അര ഏക്കർ സ്ഥലം, നീരജിന് 50 കിലോ നെയ്യ്, ബുമ്രയ്‌ക്ക് മിനി ട്രക്ക്; ഓരോരോ സമ്മാനങ്ങളേ!
Mail This Article
ഒളിംപിക് റെക്കോർഡ് സ്വന്തമാക്കിയാണ് പാക്കിസ്ഥാൻ താരം അർഷാദ് നദീം പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയത്. വമ്പൻ നേട്ടവുമായി നാട്ടിൽ തിരിച്ചെത്തിയ അർഷാദിനായി ഭാര്യാപിതാവിന്റെ സമ്മാനം കാത്തിരിപ്പുണ്ടായിരുന്നു – ഒരു യമണ്ടൻ എരുമ ! രാജ്യാന്തര നേട്ടങ്ങൾ കൊയ്യുന്ന താരങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന വമ്പൻ തുകകൾക്കൊപ്പം ഇത്തരം വ്യത്യസ്ത സമ്മാനങ്ങളും പതിവ് കാഴ്ചയാണ്.
∙ നീരജിന് 50 കിലോ നെയ്യ് !
ജാവലിൻ ത്രോയിൽ മികവ് കാണിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ഇന്ത്യൻ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര പ്രാദേശിക മത്സരത്തിൽ പങ്കെടുക്കുന്നതിനു മുൻപ് മൈക്കിലൂടെ അനൗൺസ്മെന്റ് – ‘ഈ മത്സരത്തിൽ നീരജ് ജയിച്ചാൽ 50 കിലോ നാടൻ നെയ്യ്’. നീരജ് ജയിച്ചു, നെയ്യും സ്വന്തം. ഹരിയാനയിൽ ഇതു പതിവാണെന്ന് നീരജ് പറയുന്നു.
കരുത്തു കൂടാനാണ് നെയ്യ് സമ്മാനമായി നൽകുന്നത്. ഗുസ്തി, കബഡി താരങ്ങൾക്ക് ബുള്ളറ്റ്, ട്രാക്ടർ എന്നിവയും സമ്മാനമായി ലഭിക്കാറുണ്ടെന്നും എരുമയും പതിവ് സമ്മാനങ്ങളിലൊന്നാണെന്നും നീരജ്.
∙ യുഎസിൽ അര ഏക്കർ സ്ഥലം !
കാനഡയിലെ 2023 ഗ്ലോബൽ ടി–ട്വന്റി ചാംപ്യൻഷിപ്പിൽ വെസ്റ്റിൻഡീസ് താരം ഷെർഫെയ്ൻ റുഥർഫോഡിന്റെ മികവിൽ മോൻട്രിയൽ ടൈഗേഴ്സ് ചാംപ്യന്മാരായി. ടൂർണമെന്റിലുടനീളം 220 റൺസ് നേടിയ ഷെർഫെയ്ൻ ഫൈനലിൽ 38 റൺസ് നേടി. മാൻ ഓഫ് ദ് സീരീസ് അവാർഡായി അദ്ദേഹത്തിന് ലഭിച്ചത് യുഎസിൽ അര ഏക്കർ സ്ഥലം !
ഇതു കൂടാതെ കാഷ് പ്രൈസുകൾ ഒന്നും നൽകിയില്ല. യുഎസിൽ എവിടെയാണ് സ്ഥലം നൽകിയതെന്ന് ആ നിമിഷം മുതൽ ആരാധകർ ഗൂഗിളിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
∙ റൈസ് കുക്കർ നേടി ഒയിൻ മോർഗൻ !
2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ഒയിൻ മോർഗന് ധാക്ക പ്രിമിയർ ലീഗിൽ നിന്നു ലഭിച്ചത് റൈസ് കുക്കർ. ലോകകപ്പ് നേടുന്നതിനു മുൻപ് 2013ലാണ് സംഭവം. മോർഗന്റെ മികവിലാണ് അന്ന് ടീം ജയിച്ചത്. മാൻ ഓഫ് ദ് മാച്ച് നേടിയ മോർഗന് സംഘാടകർ റൈസ് കുക്കർ നൽകി.
പ്രഷർ സമയത്ത് നന്നായി ബാറ്റ് വീശിയതിനാവും എന്നാണ് മോർഗൻ കരുതിയത്. പക്ഷേ, റൈസ് കുക്കർ കമ്പനിയായിരുന്നു ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാരിൽ ഒരാൾ.
∙ വണ്ടർഫുൾ ബ്ലെൻഡർ !
2013 ധാക്ക പ്രിമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഇംഗ്ലിഷ് താരം ലൂക്ക് റൈറ്റിന്റെ കിടിലൻ പെർഫോമൻസ് ബലത്തിൽ അബാഹാനി ടീമിന് വമ്പൻ ജയം. മാൻ ഓഫ് ദ് മാച്ച് പുരസ്കാരത്തിന് അർഹനായ ലൂക്ക് റൈറ്റിന് എന്ത് സമ്മാനം നൽകണമെന്ന കൺഫ്യൂഷനിലായി സംഘാടകർ. ടൂർണമെന്റിന് സ്പോൺസർമാർ കുറവായിരുന്നു.
ആരുടെയോ തലയിൽ വിരിഞ്ഞ ഐഡിയയിൽ ഒരു ബ്ലെൻഡർ നൽകാം എന്നായി. ബ്ലെൻഡർ ലഭിച്ച സന്തോഷം പുറംലോകത്തെ അറിയിക്കാൻ ലൂക്ക് റൈറ്റ് മറന്നില്ല. മാൻ ഓഫ് ദ് മാച്ച് പുരസ്കാരമായി ബ്ലെൻഡർ എനിക്ക് ആദ്യമായാണ് ലഭിക്കുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
∙ ബൂം ബൂം മിനി ട്രക്ക് !
2017ലെ ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന പരമ്പര ഇന്ത്യ 5–0ന് തൂത്തുവാരി. പേസർ ജസ്പ്രീത് ബുമ്രയാണ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ലഭിച്ചത് ഒരു മിനി ട്രക്ക് ! മിനി ട്രക്ക് കമ്പനിയായിരുന്നു ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർ. അവരുടെ ഏറ്റവും പുതിയ വാഹനം തന്നെ സമ്മാനമായി നൽകി.
സഹതാരങ്ങൾ ആദ്യം ചിരിച്ചെങ്കിലും ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി മിനി ട്രക്കിൽ തന്റെ ഡ്രൈവിങ് സ്കിൽ പുറത്തെടുക്കാൻ തീരുമാനിച്ചു. ട്രക്കിന്റെ മുകളിലും ഇരുവശങ്ങളിലുമായി മറ്റ് താരങ്ങൾ ഇടം കണ്ടെത്തി. ഗ്രൗണ്ടിനു ചുറ്റും വലം വച്ചു ! ഇതിലും വലിയ പ്രമോഷൻ എന്ത് !!!