അന്ന് ഭാര്യയ്ക്ക് ഒളിംപിക്സിൽ സ്വർണം; ഇന്ന് ഭർത്താവിന് പാരാലിംപിക്സിലും; വൈറലായി ചിത്രങ്ങൾ- വിഡിയോ
Mail This Article
പാരിസ്∙ ആഴ്ചകൾക്കു മുൻപ് പാരിസ് ഒളിംപിക്സിൽ വനിതകളുടെ ലോങ് ജംപിൽ യുഎസിനായി സ്വർണം നേടിയ ഭാര്യ താര ഡേവിസ് വുഡ്ഹാളിനെ ഗാലറിയിലിരുന്ന് ആലിംഗനം ചെയ്യുന്ന ഹണ്ടർ വുഡ്ഹാളിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദിവസങ്ങൾക്കിപ്പുറം അതേ വൈറൽ ചിത്രത്തിന് ഇതാ ഒരു ഫോട്ടോകോപ്പി! ചെറിയൊരു വ്യത്യാസമുണ്ടെന്നു മാത്രം. അന്ന് മെഡൽത്തിളക്കത്തിൽ നിന്നത് ഭാര്യയും ഗാലറിയിൽ ഭർത്താവുമായിരുന്നെങ്കിൽ, ഇന്ന് മെഡൽത്തിളക്കത്തിൽ നിൽക്കുന്നത് ഭർത്താവാണ്, ഭാര്യ ഗാലറിയിലും.
പാരിസ് പാരാലിംപിക്സിൽ 400 മീറ്ററിൽ (ടി62) ഒന്നാമതെത്തിയാണ് ഹണ്ടർ ട്രാക്കിലെ ‘വണ്ടറാ’യത്. ഇതോടെ ഒളിംപിക്സിലും പാരാലിംപിക്സിലും മെഡൽ നേടുന്ന ദമ്പതികൾ എന്ന അപൂർവ നേട്ടവും ‘വുഡ്ഹാൾ ദമ്പതി’കൾക്ക് സ്വന്തം. 46.36 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് ഹണ്ടർ വുഡ്ഹാൾ പാരിസിൽ സ്വർണം നേടിയത്.
ഹണ്ടറിന്റെ ആദ്യ പാരാലിംപിക്സ് സ്വർണമാണിത്. മുൻപ് മൂന്നു തവണ ഹണ്ടർ പാരാലിംപിക്സിൽ മെഡൽ നേടിയിട്ടുണ്ടെങ്കിലും അത് ഒരു വെള്ളിയും രണ്ടു വെങ്കലവുമായിരുന്നു. ഇത്തവണ അത് സ്വർണമാക്കി തിരുത്തിയെഴുതി.
മത്സരം പൂർത്തിയാക്കിയ ഉടനെ ഗാലറിയിൽ ഇരിക്കുകയായിരുന്ന ഭാര്യയുടെ സമീപത്തേക്കാണ് ഹണ്ടർ ഓടിയെത്തിയത്. തുടർന്ന് ആവേശത്തോടെ ഭാര്യയെ ആലിംഗനം ചെയ്തു. തുടർന്ന് 2021ൽ അർബുദബാധിതനായ മരിച്ച ബന്ധുവിന് മെഡൽ സമർപ്പിച്ചുകൊണ്ട് കുറിച്ച വാചകം ക്യാമറകൾക്കു മുൻപിൽ തുറന്നുകാട്ടി. ‘വയാട്ട് വുഡ്ഹാൾ, ഇത് താങ്കൾക്കുള്ളതാണ്’!
ജനിതക വൈകല്യവുമായി ജനിച്ച ഹണ്ടർ വുഡ്ഹാളിന്റെ രണ്ടു കാലുകളും താരത്തിന് 11 മാസം മാത്രം പ്രായമുള്ളപ്പോഴാണ് മുറിച്ചുനീക്കിയത്. കാലുകളില്ലാത്തത് ഒരു കുറവായി ഹണ്ടർ ഒരിക്കലും കണ്ടില്ല. ഫലമോ, യുഎസ് കണ്ട ഏറ്റവും മികച്ച പാരാ അത്‍ലീറ്റുകളുടെ കൂട്ടത്തിലെ ‘വണ്ടറാ’യി ഹണ്ടർ മാറി. 2021ൽ ടോക്കിയോ ഒളിംപിക്സ് സമാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഹണ്ടർ താരയോടു പ്രണയാഭ്യർഥന നടത്തിയത്. 2022 ഒക്ടോബറിൽ ഇരുവരും വിവാഹിതരായി.