ADVERTISEMENT

ബെംഗളൂരു∙ ദുലീപ് ട്രോഫി അരങ്ങേറ്റത്തിലെ ഉയർന്ന സ്കോറിന്റെ കാര്യത്തിൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡ് തകർത്ത പത്തൊൻപതുകാരൻ മുഷീർ ഖാനെ പുകഴ്ത്തി ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്ത്. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സൂര്യകുമാർ മുഷീർ ഖാനെ പുകഴ്ത്തിയത്. മുഷീർ ഖാന്റെ ഇന്നിങ്സിന് ഉറച്ച പിന്തുണ നൽകിയ നവ്ദീപ് സെയ്നിക്കും ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റന്റെ അഭിനന്ദനമുണ്ട്. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സൂര്യകുമാർ ഇരുവരെയും അഭിനന്ദിച്ചത്.

‘‘എന്തൊരു ഇന്നിങ്സാണ് മുഷീർ ഖാൻ. നവ്ദീപ് സെയ്നിയുടെ പിന്തുണയും മികച്ചതായിരുന്നു. എല്ലാ ദിവസവും മത്സരത്തിനു ശേഷവും ബാറ്റിങ് പരിശീലനം തുടരുക. കൂടുതൽ ബാറ്റു ചെയ്യുമ്പോൾ കൂടൂതൽ പരിശീലനം ലഭിക്കുന്നു’ – സൂര്യകുമാർ കുറിച്ചു.

ഈ വർഷത്തെ ദുലീപ് ട്രോഫിയിൽ ഇതുവരെ സെഞ്ചറി നേടിയ ഏക താരമായ മുഷീർ ഖാന്, അരങ്ങേറ്റത്തിൽ ഇരട്ടസെഞ്ചറിയെന്ന നേട്ടം നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. ഒന്നാം ഇന്നിങ്സിൽ 373 പന്തുകൾ നേരിട്ട മുഷീർ ഖാൻ 181 റൺസെടുത്താണ് പുറത്തായത്. 16 ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതാണ് മുഷീറിന്റെ ഇന്നിങ്സ്.

ഒരു ഘട്ടത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യ ബി ടീമിനെ, വാലറ്റത്ത് നവ്ദീപ് സെയ്നിയെ കൂട്ടുപിടിച്ചാണ് മുഷീർ 300 കടത്തിയത്. സെയ്നി 144 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്ത് പുറത്തായി. എട്ടാം വിക്കറ്റിൽ മുഷീർ ഖാൻ – സെയ്നി സഖ്യം ഇരട്ട സെഞ്ചറി കൂട്ടുകെട്ടും തീർത്തു. 403 പന്തുകൾ നേരിട്ട ഇരുവരും കൂട്ടിച്ചേർത്തത് 205 റൺസാണ്.

സൂര്യകുമാറിനു പിന്നാലെ വെസ്റ്റിൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പും മുഷീറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. മുഷീർ ഖാന്റെ പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് ആഘോഷിക്കുന്ന രീതിയാണ് ഇയാൻ ബിഷപ്പിനെ ആകർഷിച്ചത്. 

‘‘ഒരു യുവതാരത്തിന്റെ നേട്ടം ഇന്ത്യയിലെ ക്രിക്കറ്റ് സമൂഹം ആഘോഷിക്കുന്നത് കാണുന്നതു തന്നെ സന്തോഷം. വളരെ പ്രതിഭാധാരാളിത്തമുള്ള സമൂഹമാണത്’ – ഇയാൻ ബിഷപ്പ് എക്സിൽ കുറിച്ചു.

1991ൽ ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ സച്ചിൻ തെൻഡുൽക്കർ വെസ്റ്റ് സോണിനായി നേടിയ 159 റൺസിന്റെ റെക്കോർഡാണ് മുഷീർ മറികടന്നത്. അന്ന് ഈസ്റ്റ് സോണിനെതിരെയായിരുന്നു സച്ചിന്റെ സെഞ്ചറി. അതേ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 117 റൺസ് വഴങ്ങി നാലു വിക്കറ്റും വീഴ്ത്തിയിരുന്നു. പിന്നീട് ഈസ്റ്റ് സോണിനായി ഗാംഗുലി സെഞ്ചറിയും (124) നേടി.

അതേസമയം, ദുലീപ് ട്രോഫി അരങ്ങേറ്റത്തിലെ ഉയർന്ന സ്കോർ എന്ന റെക്കോർഡ് തമിഴ്നാട് താരം ബാബ അപരാജിതിന്റെ പേരിലാണ്. 2013ൽ പശ്ചിമ മേഖലയ്‌ക്കെതിരെ ദക്ഷിണ മേഖലയ്ക്കായി 212 റൺസാണ് അപരാജിത് അരങ്ങേറ്റത്തിൽ നേടിയത്. 2022ൽ പൂർവ മേഖലയ്‌ക്കെതിരെ ഉത്തര മേഖലയ്‌ക്കായി യഷ് ദൂൽ നേടിയ 193 റൺസും മുഷീറിന്റെ ഇന്നിങ്സിനു മുന്നിലുണ്ട്.

English Summary:

Suryakumar Yadav goes ga-ga over Musheer Khan as youngster surpasses Sachin Tendulkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com