ഇറാൻ താരത്തിന് അയോഗ്യത; വെള്ളി മെഡൽ നേടിയ ഇന്ത്യയുടെ നവ്ദീപ് സിങ്ങിന് സ്വർണത്തിളക്കം
Mail This Article
പാരിസ് ∙ പാരാലിംപിക്സ് പുരുഷ ജാവലിൻ ത്രോയിൽ (എഫ്41) വെള്ളി മെഡൽ നേടിയ ഇന്ത്യയുടെ നവ്ദീപ് സിങ്ങിന് സ്വർണത്തിളക്കം. സ്വർണ മെഡൽ നേടിയ ഇറാന്റെ സദേഗ് ബൈത് സയാഹിനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് നവ്ദീപ് സിങ് സ്വർണമെഡലിന് അർഹനായത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത നവ്ദീപ് സിങ് ഫൈനലിൽ 47.32 മീറ്റർ ദൂരം പിന്നിട്ടാണ് വെള്ളി മെഡൽ ഉറപ്പിച്ചത്. സദേഗ് ബൈത് സയാഹിനെ അയോഗ്യനാക്കിയതിനെ തുടർന്ന് നവ്ദീപ് സിങ് സ്വർണ മെഡലിനും ചൈനയുടെ പി.എക്സ്. സൺ (44.72 മീറ്റർ) വെള്ളി മെഡലിനും ഇറാഖിന്റെ വൈൽഡൻ നുഖൈലാവി (40.46 മീറ്റർ) വെങ്കല മെഡലിനും അർഹനായി. പാരാലിംപിക്സ് ചരിത്രത്തിൽ പുരുഷ ജാവലിൻ ത്രോയിൽ (എഫ്41) സ്വർണം നേടുന്ന ആദ്യ താരമാണ് നവ്ദീപ് സിങ്. ഇതോടെ ഇത്തവണ പാരാലിംപിക്സിൽ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം ഏഴായി.
കുഴിബോംബ് സ്ഫോടനത്തിൽ കാൽ നഷ്ടമായ ധീര ജവാനിലൂടെ പാരാലിംപിക്സ് വേദിയിൽ ഇന്ത്യയ്ക്കു മെഡൽത്തിളക്കം. പുരുഷൻമാരുടെ ഷോട്പുട്ടിൽ സൈനികൻ ഹൊക്കാതോ ഹൊതോഷേ സേമ വെങ്കലം നേടിയ ദിവസം ഇന്ത്യയുടെ ആകെ നേട്ടം 3 മെഡലുകൾ. വനിതാ 200 മീറ്ററിൽ (ടി12) സിമ്രാൻ ശർമ വെങ്കലം സ്വന്തമാക്കി. ഇതോടെ പാരാലിംപിക്സിൽ ഇന്ത്യയുടെ മെഡലുകൾ 29 ആയി. പാരിസ് പാരാലിംപിക്സ് ഇന്നു സമാപിക്കാനിരിക്കെ മെഡൽ പട്ടികയിൽ 18–ാം സ്ഥാനത്താണ് ഇന്ത്യ.
അരയ്ക്കു താഴെ ശാരീരിക പരിമിതി നേരിടുന്നവരുടെ വിഭാഗത്തിലാണ് (എഫ് 57) നാൽപതുകാരൻ ഹൊതോഷേ സേമ വെങ്കല മെഡൽ സ്വന്തമാക്കിയത്. 22 വർഷം മുൻപാണ് നാഗാലാൻഡിലെ ദിമാപുർ സ്വദേശിയായ ഹൊതോഷേ സേമയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ നീക്കത്തിനിടെയുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ അസം റെജിമെന്റിൽ അംഗമായ ഹൊതോഷേ സേമയ്ക്ക് ഇടംകാൽ നഷ്ടമായി. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം കൃത്രിമക്കാൽ വച്ചുപിടിപ്പിച്ച് പാരാ അത്‍ലറ്റിക്സിലേക്ക് ചുവടുവച്ചാണ് ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമിട്ടത്. ആർമിയുടെ ഭാഗമായി പാരാ അത്‍ലറ്റിക്സിൽ മത്സരിച്ചു തുടങ്ങിയ സേമയുടെ 8 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് പാരാലിംപിക്സിലെ കന്നി മെഡൽനേട്ടം. ഗെയിംസിന്റെ സമാപനച്ചടങ്ങ് ഇന്ത്യൻ സമയം ഇന്നു രാത്രി 11.30ന് ആരംഭിക്കും.