ലോക എൻഡ്യൂറൻസ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ വ്യക്തി, റെക്കോർഡിട്ട് മലപ്പുറം സ്വദേശിനി
Mail This Article
കൊച്ചി ∙ എഫ്ഇഐ എൻഡ്യൂറൻസ് ലോക ചാംപ്യൻഷിപ്പിലെ സീനിയർ വിഭാഗം മത്സരം വിജയകരമായി പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി റെക്കോർഡിട്ട് മലപ്പുറം തിരൂർ സ്വദേശിനി നിദ അന്‍ജും ചേലാട്ട്. ഈ വിഭാഗത്തിലേക്കു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ മൽസരാഥിയെന്ന റെക്കോർഡും ഈ ഇരുപത്തിരണ്ടുകാരിക്കാണ്. ഫ്രാൻസിലെ മോൺപാസിയറിൽ, 40 രാജ്യങ്ങളിൽ നിന്നായി 144 താരങ്ങൾ പങ്കെടുത്ത മൽസരം പൂർത്തിയാക്കിയത് നിദ ഉൾപ്പെടെ 45 പേർ മാത്രമാണ്. യുഎഇ, ബഹ്‌റൈൻ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മികച്ച കുതിരയോട്ടക്കാരായിരുന്നു നിദയുടെ എതിരാളികൾ. ഇന്റർനാഷനൽ എക്യുസ്ട്രിയൻ ഫെഡറേഷനാണ് (എഫ്ഇഐ) മത്സരം സംഘടിപ്പിച്ചത്. ചാംപ്യൻഷിപ്പിലെ ജൂനിയർ വിഭാഗം മത്സരവും നിദ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
തന്റെ 12 വയസ്സുകാരിയായ പെൺകുതിര പെട്ര ഡെൽ റേയ്ക്കൊപ്പമാണ് നിദ മൽസരത്തിനിറങ്ങിയത്. മത്സരത്തിൽ വിജയിക്കാൻ 6 ഘട്ടങ്ങളിലായി 160 കിലോമീറ്റർ ദൂരമാണ് താണ്ടേണ്ടത്. 10 മണിക്കൂർ 23 മിനിറ്റ് കൊണ്ടാണ് നിദ മൽസരം പൂർത്തിയാക്കിയത്. മൽസരാർഥിക്കും കുതിരയ്ക്കും ശാരീരികക്ഷമതയും പൂർണആരോഗ്യവും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ മത്സരിക്കാനുള്ള അനുമതി ലഭിക്കൂ. 38.65 കി.മീ, 20.22 കി.മീ, 31.72 കി.മീ, 20.22 കി.മീ, 23.12 കി.മീ, 26.07 കി.മീ എന്നിങ്ങനെ ദൈർഘ്യമുള്ള ആറ് ഘട്ടങ്ങളാണുള്ളത്. പാറയിടുക്കുകളും ജലാശയങ്ങളും കാടും താണ്ടി കുതിരയ്ക്ക് ഒരു പോറൽ പോലുമേൽക്കാതെ മുന്നേറണം. മണിക്കൂറിൽ കുറഞ്ഞത് 18 കിലോമീറ്റർ വേഗം വേണം.
ആദ്യത്തെ മൂന്നു ഘട്ടങ്ങൾക്കിടയിൽ കുതിരയ്ക്ക് വിശ്രമിക്കാൻ 40 മിനിറ്റ് ഇടവേള ലഭിക്കും. നാലാമത്തെയും അഞ്ചാമത്തേയും ഘട്ടങ്ങൾക്ക് ശേഷം 50 മിനിറ്റായിരിക്കും ഇടവേള. ഓരോ ഘട്ടത്തിലും വിദഗ്ധ ഡോക്ടർമാർ കുതിരയുടെ ആരോഗ്യവും ക്ഷമതയും പരിശോധിച്ച് വിലയിരുത്തും. കുതിരയുടെ ആരോഗ്യം മോശമായാൽ മത്സരത്തിൽനിന്ന് പുറത്താകും. 73 കുതിരകൾ ഇങ്ങനെ മൽസരത്തിൽനിന്നു പുറത്തായിരുന്നു.
ആദ്യഘട്ടത്തിൽ 61 ാം സ്ഥാനത്തായിരുന്നു നിദ. രണ്ടാം ഘട്ടത്തിൽ 56 ാം സ്ഥാനത്തേക്കും മൂന്നാം ഘട്ടത്തിൽ 41ാം സ്ഥാനത്തേക്കും മുന്നേറി. നാലാം ഘട്ടത്തിൽ നിദ 36 ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് 27 ാം സ്ഥാനത്തെത്തി. അവസാനലാപ്പിൽ 17 ാം സ്ഥാനമെന്ന മികച്ച റെക്കോർഡോടു കൂടിയാണ് നിദ ഓടിയെത്തിയത്. മണിക്കൂറിൽ 16.09 കിലോമീറ്റർ ആയിരുന്നു നിദയുടെ ശരാശരി വേഗം. എഫ്ഇഐ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് നിദ പറഞ്ഞു. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നെങ്കിലും മത്സരം ആസ്വദിച്ചു. എല്ലാ നേട്ടങ്ങളും രാജ്യത്തിനുവേണ്ടി സമർപ്പിക്കുന്നതായും നിദ പറഞ്ഞു.
റീജൻസി ഗ്രൂപ്പിന്റെ എംഡി ഡോ. അൻവർ അമീൻ ചേലാട്ടിന്റെയും മിന്നത് അൻവറിന്റെയും മകളായ നിദ ദുബായിലാണ് താമസം. കുട്ടിക്കാലത്ത് ദുബായിൽ എത്തിയതുമുതലാണ് നിദയ്ക്ക് കുതിരകളോട് പ്രിയം തുടങ്ങിയത്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അബുദാബി എൻഡ്യൂറൻസ് ചാംപ്യൻഷിപ്പിൽ ഗോൾഡ് സ്വാർഡ് പുരസ്‌കാരം സ്വന്തമാക്കി രാജ്യാന്തര മത്സരവേദിയിലെത്തുന്നത്. പ്രശസ്ത കുതിരയോട്ടക്കാരനും പരിശീലകനുമായ അലി അൽ മുഹൈരിയാണ് നിദയുടെ ഗുരു. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബിർമിങ്ങാമിൽ നിന്നും സാമൂഹിക പ്രവർത്തനത്തിൽ ബിരുദവും ദുബായിലെ റാഫിൾസ് വേൾഡ് അക്കാദമിയിൽനിന്ന് ഐബി ഡിപ്ലോമയും നേടിയ നിദ, ഇപ്പോൾ സ്‌പെയിനിൽ മാനേജ്‌മെന്റിലും ഇന്റർനാഷനൽ ഡവലപ്‌മെൻ്റിലും മാസ്റ്റേഴ്‌സ് ചെയ്യുന്നു. ഡോ. ഫിദ അൻജൂം ചേലാട്ട് സഹോദരിയാണ്.
ഒന്നിൽക്കൂടുതൽ തവണ 160 കിലോമീറ്റർ കുതിരയോട്ടം പൂർത്തിയാക്കി ത്രീ സ്റ്റാർ റൈഡർ എന്ന പദവി നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ് നിദ. ചാംപ്യൻഷിപ്പിലെ വ്യക്തിഗത മത്സരത്തിൽ ബഹ്‌റൈനും യുഎഇയുമാണ് സ്വർണവും വെള്ളിയും നേടിയത്. ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസും ചൈനയുമാണ് ജേതാക്കൾ.