ADVERTISEMENT

പാരിസ് ∙ കൈനിറയെ മെഡലുകൾ, കാതുനിറയെ ദേശീയ ഗാനം... ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വകായികമേളയായ പാരാലിംപിക്സിന് കൊടിയിറങ്ങിയപ്പോൾ അഭിമാനക്കൊടുമുടിയിൽ ടീം ഇന്ത്യ. മെഡൽനേട്ടങ്ങളുടെ  റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച് പാരിസിൽ മുന്നേറിയ ഇന്ത്യൻ സംഘം ഇത്തവണ പൊരുതി നേടിയത് 7 സ്വർണവും 9 വെള്ളിയും 13 വെങ്കലവുമടക്കം 29 മെഡലുകൾ.

പാരാലിംപിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ മെഡൽനേട്ടത്തിലെത്തിയ ഇന്ത്യ 2021 ടോക്കിയോ ഗെയിംസിനേക്കാൾ 10 മെഡലുകൾ അധികം നേടിയാണ് പാരിസിൽ നിന്നു മടങ്ങുന്നത്. ടോക്കിയോയിൽ മെഡൽ പട്ടികയി‍ൽ 24–ാം സ്ഥാനത്തായിരുന്ന രാജ്യം ഇത്തവണ 18–ാം സ്ഥാനത്തേക്ക് കുതിച്ചുകയറി.

94 സ്വർണമടക്കം 220 മെഡലുകളുമായി ചൈന ചാംപ്യൻമാരായപ്പോൾ 49 സ്വർണമടക്കം 124 മെഡലുകളുമായി ബ്രിട്ടൻ രണ്ടാമതായി. മൂന്നാംസ്ഥാനത്തുള്ള യുഎസിന്റെ നേട്ടം 105 മെഡലുകൾ. 2028ൽ യുഎസിലെ ലൊസാഞ്ചലസ് അടുത്ത ഗെയിംസിന് വേദിയാകും. ഇന്നലെ ഗെയിംസിന്റെ സമാപനച്ചടങ്ങിൽ പാരാ ആർച്ചറി താരം ഹർവീന്ദർ സിങ്ങും പാരാ അത്‍ലറ്റിക്സ് താരം പ്രീതി പാലും ഇന്ത്യൻ പതാക വഹിച്ചു.

∙ ട്രാക്കിൽ കുതിപ്പ്

പാരാലിംപിക്സിൽ 29 മെഡലുകളെന്ന ചരിത്രം കുറിക്കാൻ ഇന്ത്യയ്ക്കു തുണയായത് പാരാ അത്‍ലറ്റിക്സ് താരങ്ങളുടെ മിന്നും പ്രകടനമാണ്. 4 സ്വർണമടക്കം 17 മെഡലുകൾ ഇന്ത്യ നേടിയെടുത്തത് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽനിന്നാണ്. നീരജ് ചോപ്രയിലൂടെ ഇന്ത്യക്കാർക്കു പ്രിയമേറിയ ജാവലിൻത്രോയിൽ പാരാലിംപിക്സിലും ഇന്ത്യൻ അത്‍ലീറ്റുകൾ കരുത്തുകാട്ടി.

2 സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ജാവലിൻ ത്രോയിൽനിന്നു മാത്രം ഇന്ത്യയുടെ നേട്ടം. ബാഡ്മിന്റൻ (5), ഷൂട്ടിങ് (4), ആർച്ചറി (2), ജൂഡോ (1) എന്നിവയാണ് ഇന്ത്യയ്ക്കു  മെഡൽനേടിത്തന്ന മറ്റു മത്സരയിനങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് (84) ഇന്ത്യ ഇത്തവണ മത്സരിച്ചത്.

English Summary:

Paris Paralympics Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com