വിജയത്തിനും പരാജയത്തിനും ഇടയിലെ മതിൽ, സമ്മർദത്തിലും അതിവേഗ നീക്കങ്ങള്‍; ശ്രീജേഷിന് പ്രധാനമന്ത്രിയുടെ കത്ത്
Mail This Article
കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ വൈകാരികമായ കുറിപ്പ് പങ്കുവച്ച് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ ശേഷമാണ് ശ്രീജേഷ് കരിയർ അവസാനിപ്പിച്ചത്. ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനാകാനുള്ള ഒരുക്കത്തിലാണ് ശ്രീജേഷ്. അതിനിടെയാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ കത്ത് ലഭിക്കുന്നത്. പാരിസ് ഒളിംപിക്സിലെ മെഡൽ നേട്ടത്തിലെ സന്തോഷത്തിനിടയിലും രാജ്യത്തിനായി ശ്രീജേഷിന്റെ അവസാന മത്സരമാണെന്ന് ഓർത്തപ്പോൾ വികാരാധീനനായിപ്പോയെന്ന് പ്രധാനമന്ത്രി കത്തിൽ കുറിച്ചു.
‘‘ഗോൾവല കാക്കാന്‍ ശ്രീജേഷ് ഉണ്ടെങ്കിൽ ബാക്കിയെല്ലാം അദ്ദേഹം നോക്കുമെന്ന് ജനഹൃദയങ്ങൾക്ക് അറിയാം. കാലങ്ങൾ കഴിയുന്തോറും അതു വ്യക്തമായിക്കൊണ്ടിരുന്നു. പലപ്പോഴും വിജയത്തിനും പരാജയത്തിനും ഇടയിലെ മതിലായിരുന്നു അദ്ദേഹം. കടുത്ത സമ്മര്‍ദത്തിൽ നിൽക്കുമ്പോഴും പിഴയ്ക്കാതെ അതിവേഗ നീക്കങ്ങളുമായി അദ്ദേഹം ചുവടുറപ്പിച്ചു. വിവിധ പുരസ്കാരങ്ങളും രാജ്യാന്തര തലത്തിലെ മെഡലുകളും താങ്കളുടെ ഉയരങ്ങൾ സൂചിപ്പിക്കുന്നതാണ്. ഫീൽഡിലും പുറത്തും ശ്രീജേഷിന്റെ മനുഷ്യത്വം എപ്പോഴും എല്ലാവര്‍ക്കും ഒരു പാഠമാണ്.’’
‘‘നേട്ടങ്ങളുടെ നടുവിലും താങ്കൾ ഹോക്കിയെ ചേർത്തുനിർത്തി. അടുത്ത യാത്രയിലേക്കു കടന്നെങ്കിലും ഹോക്കിയോടുള്ള ശ്രീജേഷിന്റെ ഭ്രമം കുറയില്ല. രാജ്യത്തിന്റെ ഹോക്കി വികസനത്തിനായി ശ്രീജേഷിന്റെ പിന്തുണ ആവശ്യമാണ്. താങ്കളുടെ ആത്മസമർപ്പണത്തിനും അസാധാരണമായ കരിയറിനും നന്ദി’’– പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കി.