ADVERTISEMENT

ഹുലുൻബ്യുർ (ചൈന)∙ മലേഷ്യയ്ക്കെതിരെ ഗോൾമഴ സൃഷ്ടിച്ച് ഇന്ത്യ ഹീറോ ഏഷ്യൻ ചാംപ്യൻസ് ട്രോഫി സെമിയിൽ. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ഇന്ത്യ മലേഷ്യയെ തോൽപ്പിച്ചത്. ഇന്ത്യയ്ക്കായി യുവ സ്ട്രൈക്കർ രാജ്കുമാർ പാൽ ഹാട്രിക് നേടി. 3, 25, 33 മിനിറ്റുകളിലാണ് രാജ്കുമാർ ലക്ഷ്യം കണ്ടത്. ഇതിനു മുൻപ് മലേഷ്യയുമായി മുഖാമുഖമെത്തിയ 2023ലെ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഫൈനലിൽ പിന്നിൽനിന്ന് തിരിച്ചടിച്ച് 4–3ന് ഇന്ത്യ ജയിച്ചിരുന്നു.

ഇന്നു നടന്ന മത്സരത്തിൽ രാജ്കുമാറിനു പുറമേ ഇന്ത്യയ്ക്കായി അർജീത് സിങ് ഹുൻഡൽ ഇരട്ടഗോൾ നേടി. 6, 39 മിനിറ്റുകളിലായിരുന്നു അർജീതിന്റെ ഗോളുകൾ. ജുഗ്‌രാജ് സിങ് (7–ാം മിനിറ്റ്), ഹർമൻപ്രീത് സിങ് (22–ാം മിനിറ്റ്), ഉത്തം സിങ് (40–ാം മിനിറ്റ്) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. മലേഷ്യയുടെ ആശ്വാസ ഗോൾ 34–ാം മിനിറ്റിൽ അഖീമുള്ള അനുവാർ നേടി. 

കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് ഒൻപതു പോയിന്റുമായി ഇന്ത്യയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ആദ്യ മത്സരത്തിൽ ആതിഥേയരായ ചൈനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത ഇന്ത്യ രണ്ടാം മത്സരത്തിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കും തോൽപ്പിച്ചിരുന്നു. ഇനി വ്യാഴാഴ്ച ദക്ഷിണ കൊറിയയ്‌ക്കെതിരെയും ശനിയാഴ്ച പാക്കിസ്ഥാനെതിരെയുമാണ് ഇന്ത്യയ്ക്ക് മത്സരങ്ങളുള്ളത്.

ആറു ടീമുകൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ മത്സരിക്കുന്ന വിധത്തിലാണ് ടൂർണമെന്റ്. കൂടുതൽ പോയിന്റ് നേടുന്ന നാലു ടീമുകൾ സെമിയിലേക്കു മുന്നേറും. സെപ്റ്റംബർ 16നാണ് സെമിഫൈനലുകൾ. ഫൈനൽ സെപ്റ്റംബർ 17നു നടക്കും.

English Summary:

Raj Kumar Pal's hat-trick helps India thrash Malaysia 8-1; enter Asian Champions Trophy semis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com