ആ ചാട്ടത്തിന് 50: ഏഷ്യൻ ഗെയിംസിൽ മലയാളിയുടെ ആദ്യ വ്യക്തിഗത സ്വർണ നേട്ടത്തിന് നാളെ 50 വയസ്സ്
Mail This Article
1974ലെ ടെഹ്റാൻ ഏഷ്യൻ ഗെയിംസ് ലോങ്ജംപിൽ, മലയാളി അത്‌ലീറ്റ് ടി.സി. യോഹന്നാൻ പറന്നിറങ്ങിയത് ചരിത്രത്തിലേക്കാണ്. ഏഷ്യൻ ഗെയിംസിൽ മലയാളിയുടെ ആദ്യ വ്യക്തിഗത സ്വർണമെഡൽ എന്ന ചരിത്രമാണു ടി.സി. യോഹന്നാൻ അന്നു മെഡലിനൊപ്പം കഴുത്തിലണിഞ്ഞത്. 1974 സെപ്റ്റംബർ 12ന് ഇറാൻ ടെഹ്റാനിലെ ആര്യമെർ സ്റ്റേഡിയം സാക്ഷ്യം വഹിച്ച ആ ചരിത്രനേട്ടത്തിനു നാളെ 50 വയസ്സ്.
ലോങ്ജംപ് ഫൈനലിലെ നാലാം ശ്രമത്തിൽ ഏഷ്യൻ റെക്കോർഡും ഏഷ്യൻ ഗെയിംസ് റെക്കോർഡും കുറിച്ചാണ് യോഹന്നാൻ സ്വർണം (8.07 മീറ്റർ) നേടിയത്. ലോങ്ജംപിൽ 8 മീറ്റർ പിന്നിടുന്ന ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമായി പിറ്റിലേക്ക് പറന്നിറങ്ങി. അന്ന് ഫൈനലിനു മുൻപുള്ള പരിശീലനത്തിനിടെ വലതു കാലിലെ തള്ളവിരലിനേറ്റ പരുക്കിനെ അതിജീവിച്ചായിരുന്നു സ്വർണചാട്ടം.
പുരുഷ ലോങ്ജംപിലെ ഏഷ്യൻ റെക്കോർഡ് 1993വരെ യോഹന്നാൻ കയ്യടക്കിവച്ചപ്പോൾ ഏഷ്യൻ ഗെയിംസ് റെക്കോർഡ് 20 വർഷത്തിനുശേഷം 1994 ഹിരോഷിമ ഗെയിംസിലാണ് തിരുത്തപ്പെട്ടത്. ലോങ്ജംപിലെ ഇന്ത്യൻ റെക്കോർഡ് 30 വർഷക്കാലം യോഹന്നാനൊപ്പം തുടർന്നു. ഏഷ്യൻ ഗെയിംസിലെ സ്വർണ നേട്ടത്തിന് പിന്നാലെ അർജുന പുരസ്‌കാരവും നേടിയ യോഹന്നാൻ അർജുന ജേതാവാകുന്ന ആദ്യ മലയാളിയായി.
കൊല്ലം എഴുകോണിൽനിന്നുള്ള ടി.സി. യോഹന്നാൻ ഇപ്പോൾ കൊച്ചിയിലാണ് താമസം. ഇളയമകൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ഇപ്പോൾ ക്രിക്കറ്റ് പരിശീലകന്റെ റോളിൽ യോഹന്നാന്റെ കായിക പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനായി രംഗത്തുണ്ട്.