ഗോൾഡൻ ജംപിന് ഗോൾഡൻ ജൂബിലി: ഏഷ്യൻ ഗെയിംസ് സ്വർണത്തിന്റെ 50–ാം വാർഷിക ദിനത്തിൽ ടി.സി.യോഹന്നാനുമായി അഭിമുഖം
Mail This Article
കൊച്ചി∙ 50 വർഷം മുൻപു കുറിച്ച റെക്കോർഡ് സുവർണ നേട്ടത്തെക്കുറിച്ച് 52 വർഷം പഴക്കമുള്ള സ്പൈക്സിലേക്കു (ഷൂ) നോക്കി ടി.സി.യോഹന്നാൻ പറഞ്ഞു, ‘എന്റെ കഠിനാധ്വാനം തന്ന വിജയമാണത്. കൊല്ലം എഴുകോണിലെ മാറനാട് ഗ്രാമത്തിലെ തെങ്ങിൻ തോട്ടത്തിൽ രാവിലെയും വൈകിട്ടുമായി ആറു മണിക്കൂർ നീണ്ട കഠിന പരിശീലനത്തിന്റെ ഫലം.’
1974ലെ ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ, പുരുഷ ലോങ്ജംപിലെ ഏഷ്യൻ റെക്കോർഡും ഏഷ്യൻ ഗെയിംസ് റെക്കോർഡും തകർത്ത്, തടുത്തുവിള ചാണ്ടപിള്ള യോഹന്നാൻ ചാടിയെടുത്ത ചരിത്ര സ്വർണത്തിന് ഇന്ന് 50 വയസ്സു തികയുന്നു. ഏഷ്യൻ ഗെയിംസിലെ ഒരു മലയാളിയുടെ ആദ്യ വ്യക്തിഗത സ്വർണമായിരുന്നു അത്.
അന്നു വിക്ടറി സ്റ്റാൻഡിൽ യോഹന്നാനൊപ്പം വെങ്കലമെഡൽ നേട്ടവുമായി മറ്റൊരു മലയാളി കൂടിയുണ്ടായിരുന്നു. ബെംഗളൂരു മലയാളിയായ സതീഷ് പിള്ള. ആ വെങ്കല നേട്ടത്തിനും ഇന്ന് അരനൂറ്റാണ്ട്. ടെഹ്റാനിലെ ആര്യമെർ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾ സാക്ഷിയായ നേട്ടത്തെക്കുറിച്ചു കാക്കനാട് കൊല്ലംകുടിമുകളിലെ ‘അനുഗ്രഹിൽ’ ഇരുന്നു സംസാരിക്കുകയാണ് ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസ താരമായ എഴുപത്തിയൊൻപതുകാരൻ.
Q ആ ദിവസത്തെ എങ്ങനെ ഓർക്കുന്നു?
A മറക്കാനാകാത്ത ദിനം. ആദ്യ ചാട്ടം ഫൗളായി. രണ്ടാം ശ്രമത്തിൽ 7.80 മീറ്റർ ചാടി. എന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. മൂന്നാം ചാട്ടവും ഫൗൾ. നാലാം ചാട്ടമാണു ചരിത്രമായത്. 8.07 മീറ്റർ. കഠിനാധ്വാനം വൃഥാവിലായില്ലെന്നു ബോധ്യമായ നിമിഷം.
Q 1976 മോൺട്രിയൽ ഒളിംപിക്സിൽ മെഡൽ നേടാനാകാതെ പോയതിൽ നിരാശയുണ്ടോ?
A ടെഹ്റാനിലെ 8.07 മീറ്റർ നേട്ടം മോൺട്രിയലിൽ (കാനഡ) ആവർത്തിച്ചിരുന്നെങ്കിൽ തീർച്ചയായും ഒളിംപിക് മെഡൽ നേടാമായിരുന്നു. അന്ന് മൂന്നാമതെത്തിയ ആൾ കുറിച്ചത് 8.02 മീറ്ററായിരുന്നു. പക്ഷേ, നിരാശയില്ല. കാരണം ലോക റെക്കോർഡുകാർക്കുപോലും പലപ്പോഴും ഒളിംപിക്സിൽ മെഡൽ കിട്ടാതെ പോകാറില്ലേ? ഏഷ്യാഡ് സ്വർണം തന്നെ എന്നെ സംബന്ധിച്ചു വലിയ നേട്ടമാണ്. അതിനുള്ള അംഗീകാരമായിരുന്നു പിന്നാലെയെത്തിയ അർജുന അവാർഡ്. അത്‍ലറ്റിക്സിൽ ഒരു മലയാളിയുടെ ആദ്യ അർജുന നേട്ടമായിരുന്നു അത്.
Q എങ്കിലും, ഇന്നു വിലയിരുത്തുമ്പോൾ എന്തു തോന്നുന്നു?
A നിരാശ എന്തായാലും ഇല്ല. ലോക മത്സരവേദിയിലെ പരിചയക്കുറവുതന്നെയാണു പ്രധാന പോരായ്മയായത്. കാരണം അവിടെ അക്കാലത്തു മത്സരിച്ചിരുന്നതു നാൽപതോളം താരങ്ങളാണ്. അതായത്, ഒരു ചാട്ടം കഴിഞ്ഞാൽ അടുത്ത ചാട്ടത്തിനു മുക്കാൽ മണിക്കൂറോളം കാക്കണം. അത്ര നേരവും ശരീരം വാം ആയിരിക്കണം. യൂറോപ്പിലെയും യുഎസിലെയും താരങ്ങൾക്ക് അതു സാധിക്കും. ഏഷ്യയിൽ അക്കാലത്ത് മുക്കാൽ മണിക്കൂർ കൊണ്ടു മത്സരം പൂർത്തിയായിട്ടുണ്ടാകും.
Q സതീഷ് പിള്ളയുമായുള്ള സൗഹൃദം?
A മലയാളിയാണെങ്കിലും ബെംഗളൂരുവിലാണു സതീഷ് ജനിച്ചു വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് സൈന്യത്തിൽ ക്യാപ്റ്റനായിരുന്നു. കർണാടകയിൽനിന്നാണ് അദ്ദേഹം ദേശീയതലത്തിലേക്കു വന്നത്. ടെഹ്റാനിൽ എനിക്കൊപ്പം മത്സരിച്ചു വെങ്കലം നേടി. ടിസ്കോയിൽ ജനറൽ മാനേജർ വരെയായി അദ്ദേഹം. ഇന്നും ഇടയ്ക്കിടെ വിളിക്കാറുണ്ട്.
Q ഇന്നത്തെ താരങ്ങളോട്?
A എത്രമാത്രം സൗകര്യങ്ങളാണ് ഇന്ന്. ഞങ്ങളുടെ കാലത്തു പട്യാലയിലെ പരിശീലന ക്യാംപിൽ പാലുപോലും കിട്ടില്ലായിരുന്നു. കിടക്ക ചൂടി മെടഞ്ഞതായിരുന്നു. ഇന്നു ലഭിക്കുന്ന സൗകര്യങ്ങൾ പുതിയ താരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. അത്‌ലറ്റിക്സിൽ കഠിനാധ്വാനമാണു പ്രധാനം.
Q ടിനു യോഹന്നാൻ എന്തുകൊണ്ട് അത്‌ലറ്റിക്സിലേക്കു വന്നില്ല ?
A ഞങ്ങൾ ഇടപ്പള്ളിയിൽ താമസിക്കുന്ന കാലത്തു ടിനുവിനെയും മൂത്ത മകൻ ടിസ്വിയെയും ഞാൻ ലോങ്ജംപ് പരിശീലിപ്പിച്ചിരുന്നു. എന്നാൽ, ടിനു ക്രിക്കറ്റിലേക്കാണു തിരിഞ്ഞത്. എംആർഎഫ് ഫൗണ്ടേഷനിലെ പരിശീലനമാണു ടിനുവിനെ നല്ലൊരു ബോളറാക്കിയത്. ഇപ്പോൾ ആന്ധ്ര ടീമിന്റെ പരിശീലകനായി അവിടെയാണുള്ളത്.
മെഡൽ നേട്ടത്തിന്റെ സുവർണജൂബിലി വേളയിൽ യോഹന്നാനും ഭാര്യ അനിയും കാക്കനാട്ടെ വീട്ടിലാണുള്ളത്. നേട്ടത്തിനു സാക്ഷ്യമായി ‘അനുഗ്രഹിലെ’ ഷെൽഫ് നിറയെ മെഡലുകളും ട്രോഫികളും ചിത്രങ്ങളും.