ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ട്രഷറർക്ക് നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) ട്രഷറർ സഹ്ദേവ് യാദവ് പദവിയിൽ തുടരുന്നതു ദേശീയ കായിക ചട്ടങ്ങൾ ലംഘിച്ചാണെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നുമാവശ്യപ്പെട്ട് ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ കാരണം കാണിക്കൽ നോട്ടിസ് നൽകി. കായിക ചട്ടം ലംഘിച്ചാണു സഹ്‌ദേവിന്റെ തിരഞ്ഞെടുപ്പെന്നു കാട്ടിയുള്ള പരാതി ഐഒഎയ്ക്കു ലഭിച്ചുവെന്ന് ഈ മാസം 10നു നൽകിയ നോട്ടിസിൽ പറയുന്നു. 24ന് അകം മറുപടി നൽകണമെന്നാണു നിർദേശം.
കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിലെ അസോഷ്യേറ്റ് ഡയറക്ടർ ജെറോമി പോവെയ്ക്കും നോട്ടിസിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ സ്പോർട്സ് കോഡ് അനുസരിച്ചു തുടർച്ചയായി 12 വർഷം മാത്രമാണു കായിക സംഘടനയുടെ ഭരണസമിതിയിൽ തുടരാൻ സാധിക്കുക. ഇന്ത്യൻ വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷൻ മുൻ സെക്രട്ടറിയായ സഹ്‌ദേവ് യാദവ് 15 വർഷമായി ഫെഡറേഷൻ ഭരണസമിതിയിലുണ്ട്.
ഇതു ചട്ടലംഘനമാണെന്ന് ഐഒഎയുടെ നോട്ടിസിൽ പറയുന്നു. ഐഒഎ ഭരണസമിതിയിൽ അംഗങ്ങളായ നാഷനൽ റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, വുഷു ഫെഡറേഷൻ പ്രതിനിധി ഭൂപീന്ദർ സിങ് ബവേജ, റോവിങ് ഫെഡറേഷൻ പ്രസിഡന്റ് രാജ്‌ലക്ഷ്മി സിങ് ഡിയോ തുടങ്ങിയവർക്കെതിരെയും സമാന പരാതി ഉയർന്നിട്ടുണ്ട്. ദേശീയ ഫെഡറേഷനെതിരെയുള്ള നടപടിയൊഴിവാക്കാൻ ഐഒഎ രാജ്യാന്തര വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനു 1.75 കോടി രൂപ പിഴത്തുക നൽകിയത് എഴുതിത്തള്ളിക്കാനുള്ള നീക്കത്തിലും കാരണം ബോധിപ്പിക്കാൻ സഹ്‌ദേവ് യാദവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.