ADVERTISEMENT

ലോഹങ്ങൾക്കൊന്നും മണമില്ല; കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ വിയർപ്പാണ് ആ മണമുണ്ടാക്കുന്നത് എന്നു ശാസ്ത്രം. ഹംഗറിയിലെ ബുഡാപെസ്റ്റിൽ ലോക ചെസ് ഒളിംപ്യാഡ് അന്ത്യഘട്ടത്തോടടുക്കെ ഇന്ത്യൻ ടീമുകൾ സ്വർണം മണക്കുന്നുണ്ട്. കഠിനാധ്വാനത്തിന്റെ വിയർപ്പ് തുന്നിയ കുപ്പായമിട്ട ഇന്ത്യൻ ടീമിനെ സ്വർണമല്ലാതെ വേറെന്തു മണക്കാൻ?

ചെസിന് മൂന്നു ഘട്ടമാണ്: പ്രാരംഭം, മധ്യഘട്ടം, അന്ത്യഘട്ടം. പഴുതില്ലാതെ ആദ്യരണ്ടുഘട്ടങ്ങളും വിജയിച്ചു മുന്നേറിയ ഇന്ത്യ ഓപ്പൺ വിഭാഗത്തിൽ 9 റൗണ്ടുകൾ പൂർത്തിയായപ്പോൾ 18ൽ 17 പോയിന്റും നേടി ഒറ്റയ്ക്കു മുന്നിലാണ്. ഒറ്റ കളികളും തോൽക്കാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. ഒൻപതാം റൗണ്ടിൽ നിലവിലെ ചാംപ്യൻമാരായ ഉസ്ബെക്കിസ്ഥാനോടു മാത്രമാണ് ഇന്ത്യ സമനില വഴങ്ങിയത്.

ഒൻപതാം റൗണ്ടിൽ യുഎസിനോടു സമനില പാലിച്ച വനിതാ ടീം രണ്ടാംസ്ഥാനത്താണ്. ഇനി അനിവാര്യമായ അന്ത്യഘട്ടം. ആ കുരുക്ഷേത്രം കടക്കാൻ കരുത്തും കണിശതയും ഒത്തുചേർന്ന പഞ്ചപാണ്ഡവൻമാരാണ് ഇന്ത്യൻ ടീമിൽ. നവംബറിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ ഡിങ് ലിറന്റെ എതിരാളിയാകുന്ന ദൊമ്മരാജു ഗുകേഷാണ് ഇന്ത്യയുടെ ഒന്നാംബോർഡ് കാക്കുന്നത്. 

രണ്ടാംബോർഡിൽ, കണിശതയ്ക്കു പേരുകേട്ട ആർ. പ്രഗ്നാനന്ദ, മൂന്നാംബോർഡിൽ കഴിഞ്ഞ ഒരുവർഷമായി എതിരാളികളെയെല്ലാം എയ്തുവീഴ്ത്തുന്ന അർജുൻ എരിഗാസി, നാലാംബോർഡിൽ മാറിമാറി വിദിത് ഗുജറാത്തിയും പി.ഹരികൃഷ്ണയും. സ്വപ്നസമാനമായ ടീമാണ് ഇന്ത്യയ്ക്കായി ഇക്കുറി അണിനിരക്കുന്നത്.

ഇപ്പോഴും ലോകത്തെ മികച്ചതാരങ്ങളിൽ ഒരാളായ തുടരുന്ന വിശ്വനാഥൻ ആനന്ദില്ലാതെയാണ് ഇതെന്ന് ഓർക്കണം. മൂന്നാം ബോർഡിൽ അർജുൻ എരിഗാസിയും (9 കളികളിൽ ഏഴു ജയവും 2 സമനിലയും) ഒന്നാം ബോർഡിൽ ഡി. ഗുകേഷും (8 കളികളിൽ 6 ജയവും 2 സമനിലയും) ഒളിംപ്യാഡിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. വ്യക്തിഗത സ്വർണനേട്ടത്തിന് അടുത്താണ് ഇരുവരും.

കോവിഡ് കാലത്ത് നടത്തിയ ഓൺലൈൻ ഒളിംപ്യാഡിൽ സ്വർണം പങ്കിട്ടതൊഴിച്ചാൽ കഴിഞ്ഞ ഒളിംപ്യാഡിലെ വെങ്കല നേട്ടമാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

English Summary:

India aims gold at World Chess Olympiad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com