ലോക ചെസ് ഒളിംപ്യാഡ് ചരിത്രം, അരികെ; ടോപ് സീഡ് യുഎസിനെ അട്ടിമറിച്ചു, ഇന്ത്യ കിരീടത്തിനരികെ
Mail This Article
ബുഡാപെസ്റ്റ്(ഹംഗറി)∙ ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയുടെ ചരിത്ര നേട്ടം ഒരു സമനില മാത്രം അകലെ. ഓപ്പൺ വിഭാഗം പത്താം റൗണ്ടിൽ ഇന്ത്യ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ചു (2.5–1.5). ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ, വെസ്‌ലി സോയോടു തോറ്റെങ്കിലും ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഡി.ഗുകേഷും ഡൊമിനിഗസ് പെരെസ് ലിനിയറിനെ തോൽപിച്ച് അർജുൻ എരിഗാസിയും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വിദിത് ഗുജറാത്തി–ലെവൻ അരോണിയൻ മത്സരം സമനിലയായി.
ഇന്ത്യയ്ക്ക് 10 റൗണ്ടുകളിൽ നിന്നായി 19 പോയിന്റുണ്ട്. തൊട്ടുപിന്നിലുള്ള ചൈനയ്ക്ക് 17 പോയിന്റ് മാത്രം. പത്താം റൗണ്ടിൽ ചൈന ഉസ്ബെക്കിസ്ഥാനെ തോൽപിച്ചു. അവസാന റൗണ്ട് മത്സരം ഇന്നു നടക്കും. അതേസമയം, ദിവ്യ ദേശ്മുഖിന്റെ വിജയത്തിന്റെ പിൻബലത്തിൽ ചൈനയെ തോൽപിച്ച് (2.5–1.5) ഇന്ത്യൻ വനിതകൾ സ്വർണ സാധ്യത നിലനിർത്തി.
അവസാന റൗണ്ടിലെ പ്രകടനത്തോടെ ഡി.ഗുകേഷ് (9 കളികളിൽനിന്ന് 8 പോയിന്റ്), അർജുൻ എരിഗാസി (10 കളികളിൽ നിന്ന് 9 പോയിന്റ് ) എന്നിവർ വ്യക്തിഗത ബോർഡുകളിൽ സ്വർണനേട്ടത്തിന് അരികിലെത്തി.