സിഇഒ നിയമനത്തിന് വീണ്ടും അംഗീകാരം തേടി ഉഷ, എതിർത്ത് 12 അംഗങ്ങൾ; ഐഒഎ യോഗം അലസിപ്പിരിഞ്ഞു
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട രഘുറാം അയ്യരുടെ നിയമനം അംഗീകരിക്കാനാവില്ലെന്നു ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തതോടെ ഐഒഎ ഭരണസമിതി യോഗം അരമണിക്കൂറിനുള്ളിൽ അലസിപ്പിരിഞ്ഞു. ഇന്നലെ ചേർന്ന യോഗത്തിന്റെ പ്രധാന അജൻഡ രഘുറാം അയ്യരുടെ നിയമന വിഷയമാണെന്നു പ്രസിഡന്റ് പി.ടി. ഉഷ അറിയിച്ചുവെങ്കിലും സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ ഉൾപ്പെടെയുള്ള 12 അംഗങ്ങൾ ഇതിനെ എതിർത്തു. എതിർ വിഭാഗം അജൻഡയിൽ ഉൾപ്പെടുത്തിയ 14 വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം പി.ടി. ഉഷയും അംഗീകരിച്ചില്ല.
സിഇഒ നിയമന വിഷയം മാത്രമാണു ചർച്ചയ്ക്കുള്ളതെന്നായിരുന്നു യോഗത്തിൽ പ്രസിഡന്റിന്റെ നിലപാട്. രഘുറാം അയ്യരുടെ നിയമനം അംഗീകാരം നൽകാനാവില്ലെന്നും സിഇഒ തസ്തികയിൽ വീണ്ടും അപേക്ഷ ക്ഷണിച്ച് പുതിയ നിയമനം നടത്തണമെന്നും എതിർ വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും ഇത് അംഗീകരിക്കാൻ ഉഷ തയാറായില്ല. ജനുവരിയിൽ 3 കോടി രൂപ വാർഷിക ശമ്പളത്തിൽ രഘുറാം അയ്യരെ നിയമിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോഴും തുടരുന്നത്. ഭരണസമിതിയിലെ 15 അംഗങ്ങളിൽ 12 പേരും ഈ വിഷയത്തിൽ ഉഷയ്ക്ക് എതിർ ചേരിയിലാണ് .
ഇതിനിടെ ഭരണസമിതിയുടെ അംഗീകാരമില്ലാതെ ഐഒഎ ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബെ തയ്ക്വാൻഡോ അസോസിയേഷന് അംഗീകാരം നൽകിയതിനെതിരെ പ്രസിഡന്റ് പി.ടി. ഉഷ കാരണം കാണിക്കൽ നോട്ടിസ് നൽകി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ കല്യാൺ ചൗബെ ചട്ടവിരുദ്ധമായാണു മറ്റൊരു കായിക സംഘടനയ്ക്ക് അംഗീകാരം നൽകിയതെന്നു കത്തിൽ പറയുന്നു. 2022ൽ സുപ്രീം കോടതി റദ്ദാക്കിയ അംഗീകാരമാണ് ചൗബെ പുനഃസ്ഥാപിക്കാൻ ശ്രമിച്ചത്.