സ്കൂൾ കായികമേള കൊച്ചിയിൽ നവംബർ 4 മുതൽ 11 വരെ; സവിശേഷ മികവുള്ള കുട്ടികൾക്കായും മത്സരങ്ങൾ
Mail This Article
തിരുവനന്തപുരം∙ നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ലോഗോയും ഭാഗ്യ ചിഹ്നവും മന്ത്രിമാരായ വി.ശിവൻകുട്ടിയും പി.രാജീവും ചേർന്നു പ്രകാശനം ചെയ്തു. ‘തക്കുടു’ എന്നു പേരിട്ട അണ്ണാറക്കണ്ണനാണ് മേളയുടെ ഭാഗ്യ ചിഹ്നം.
എല്ലാ വർഷവും വെവ്വേറെ നടത്തിയിരുന്ന അത്‌ലറ്റിക്സും ഗെയിംസ് മത്സരങ്ങളും ഒരുമിപ്പിച്ചാണ് ഇത്തവണ സ്കൂൾ കായിക മേള സംഘടിപ്പിക്കുന്നത്. സവിശേഷ മികവുള്ള കുട്ടികൾക്കായുള്ള കായിക മത്സരങ്ങളും ഇതിനൊപ്പം സംഘടിപ്പിക്കും.
എറണാകുളം നഗരത്തിലെ 19 വേദികളിലാണു മത്സരം. നവംബർ 4ന് വൈകിട്ട് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഉദ്ഘാടനം. സമാപനം 11ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ്.
സ്കൂൾ കായിക മേളയിൽ ഇരുപതിനായിരത്തോളവും സവിശേഷ മികവുള്ള കുട്ടികളുടെ മത്സരങ്ങളിൽ രണ്ടായിരത്തോളവും പ്രതിഭകൾ മത്സരിക്കും. ജില്ലയിലെ 50 സ്കൂളുകളിലായി കുട്ടികൾക്കു താമസ സൗകര്യം ഒരുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
പ്രവാസികൾക്കും പങ്കെടുക്കാം; ചരിത്രത്തിലാദ്യം
പ്രവാസി വിദ്യാർഥികൾക്ക് ചരിത്രത്തിലാദ്യമായി സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ അവസരം. കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇപ്പോൾ അവസരം. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസുമായി ഗൾഫിലെ കേരള സിലബസ് സ്കൂൾ പ്രിൻസിപ്പൽമാർ ഇന്നലെ നടത്തിയ വെർച്വൽ മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ജേതാക്കളാകുന്ന കുട്ടികൾക്കു സർട്ടിഫിക്കറ്റിനു പുറമേ ഗ്രേസ് മാർക്കും ലഭിക്കും.