ഐഒഎയിൽ സമാന്തര യോഗം, ബദൽ സിഇഒ; ഉഷയെ വെല്ലുവിളിച്ച് എതിർപക്ഷം
Mail This Article
ന്യൂഡൽഹി ∙ ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബെയെ ഇടക്കാല സിഇഒയായി നിയമിച്ച് എതിർപക്ഷം രംഗത്തെത്തിയതോടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ (ഐഒഎ) പോര് രൂക്ഷമാകുന്നു. രംഘുറാം അയ്യരെ സിഇഒ ആയി നിയമിച്ച തീരുമാനത്തിന് വ്യാഴാഴ്ച നടന്ന യോഗത്തിൽ പ്രസിഡന്റ് പി.ടി.ഉഷ ഭരണസമിതിയുടെ അംഗീകാരം തേടിയിരുന്നു. എന്നാൽ സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ ഉൾപ്പെടെയുള്ള 12 അംഗങ്ങൾ ഇതിനെ ശക്തമായി എതിർത്തതോടെ അര മണിക്കൂറിനുള്ളിൽ യോഗം അലസിപ്പിരിഞ്ഞു.
ഇതിനു പിന്നാലെയാണ് സമാന്തര യോഗം ചേർന്ന എതിർപക്ഷം ഐഒഎ ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബെയെ ഇടക്കാല സിഇഒയായി നിയമിച്ചത്. എന്നാൽ ഈ നിയമത്തിന് അംഗീകാരമില്ലെന്നു വ്യക്തമാക്കി ഉഷ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കും ഐഒഎ അംഗങ്ങൾക്കും ഇ–മെയിൽ സന്ദേശം അയച്ചിട്ടുണ്ട്.
ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ (ഐഒഎ) സിഇഒ നിയമനത്തിന് അംഗീകാരം നൽകാത്തതു ഒളിംപിക്സിനു വേദിയൊരുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയാകും. 2030ലെ യൂത്ത് ഒളിംപിക്സിനും 2036ലെ ഒളിംപിക്സിനും വേദിയാകാനുള്ള ശ്രമങ്ങളാണു ഇന്ത്യ നടത്തുന്നത്. സിഇഒ ഇല്ലാതെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷനുമായുള്ള (എഫ്എച്ച്സി) ചർച്ചകൾ ഇന്ത്യൻ ഒളിംപിക് അസോസിയേഷന് നടത്താനാകില്ല.
രഘുറാം അയ്യരുടെ ശമ്പളക്കാര്യത്തിൽ മാത്രം മുൻപ് എതിർപ്പുയർത്തിയിരുന്നവരാണ് ഇപ്പോൾ പുതിയ നിയമനം നടത്തണമെന്ന ആവശ്യമുയർത്തുന്നത്. പാരിസ് ഒളിംപിക്സിനു മുൻപു നടന്ന ചർച്ചകളിൽ ശമ്പള പ്രശ്നം പരിഹരിച്ചാൽ നിയമനം അംഗീകരിക്കാമെന്ന് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചു കരാർ വ്യവസ്ഥകളിൽ പല മാറ്റവും വരുത്തിയിട്ടുണ്ട്. ഐഒഎ ഭരണഘടന അനുസരിച്ചാണു ഞാൻ പ്രവർത്തിക്കുന്നത്.– പി.ടി.ഉഷ