ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ‌ ഒളിംപിക് അസോസിയേഷനിലെ (ഐഒഎ) ചേരിപ്പോരിൽ ഭരണസമിതി അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡ‍ന്റ് പി.ടി.ഉഷ. ഭരണസമിതിയിലെ ചില അംഗങ്ങൾ സ്വന്തം താൽപര്യങ്ങൾ മാത്രം സംരക്ഷിക്കാൻ വേണ്ടിയാണു പ്രവർത്തിക്കുന്നതെന്നും സാമ്പത്തിക നേട്ടം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ഉഷ വിമർശിച്ചു. ചില അംഗങ്ങൾക്കെതിരെ ലൈംഗികാതിക്രമ പരാതി ഉൾപ്പെടെ നിലനിൽക്കുന്നുണ്ടെന്നും പലരും ലിംഗവിവേചനം കാട്ടുന്നുവെന്നും ആരോപിച്ച പി.ടി. ഉഷ രാജ്യത്തെ കായിക രംഗത്തിന്റെ വളർച്ചയ്ക്കു വേണ്ടിയല്ല ഇവർ പ്രവർത്തിക്കുന്നതെന്നും പ്രതികരിച്ചു. 

ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ ഉൾപ്പെടെയുള്ള 12 അംഗങ്ങൾ കഴിഞ്ഞ ദിവസം രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രതിനിധിക്ക് കത്ത് അയച്ചിരുന്നു. ഇതിനു മറുപടിയായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് എതിർ ഭാഗത്തുള്ളവർക്കെതിരെ ഉഷ ആഞ്ഞടിച്ചത്. ‘45 വർഷമായി രാജ്യത്തെ കായികരംഗത്തെ പ്രതിനിധീകരിക്കുകയാണ്. നമ്മുടെ കായികതാരങ്ങളുടെയും രാജ്യത്തിന്റെയും സ്വപ്നങ്ങൾക്കെതിരെ ഇത്ര നിസംഗതയോടെ നിൽക്കുന്നവരെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഇവർക്കു സ്വന്തം നേട്ടങ്ങളിൽ മാത്രമാണു താൽപര്യം. കായിക സംഘടനകളിലെ ഇടപെടലിലൂടെ സാമ്പത്തിക നേട്ടമാണ് ഇവർ ലക്ഷ്യമിടുന്നത്– ഉഷ ആരോപിച്ചു. 

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച പി.ടി. ഉഷ ഐഒഎ ഭരണഘടന അനുസരിച്ചാണു താൻ പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. ഐഒഎ ട്രഷറർ സഹ്‌ദേവ് യാദവ് ഉൾപ്പെടെയുള്ളവർക്കെതിരായ സാമ്പത്തിക ആരോപണങ്ങൾ പ്രസിഡന്റ് വീണ്ടും ഉന്നയിച്ചു. 

ഐഒഎയ്ക്ക് അവകാശപ്പെട്ട പണം എഴുതിത്തള്ളാനാണു യാദവും ഐഒഎ ഫിനാൻസ് കമ്മിറ്റിയിലെ അംഗങ്ങളും ശ്രമിച്ചതെന്നു ഉഷ വ്യക്തമാക്കി.

English Summary:

P.T. Usha Criticizes Governing Body Members of Indian Olympic Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com