സംസ്ഥാന സീനിയർ ബാസ്കറ്റ്ബോളിൽ തനിയാവർത്തനം; കിരീടം ബാസ്കറ്റിലാക്കി എറണാകുളം, തിരുവനന്തപുരം
Mail This Article
കൊച്ചി ∙ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോളിൽ തനിയാവർത്തനം. നിലവിലെ ജേതാക്കളായ എറണാകുളം പുരുഷകിരീടവും തിരുവനന്തപുരം വനിതാകിരീടവും നിലനിർത്തി. വനിതകൾ ട്രോഫി നേടിയതിനു പിന്നാലെ ഇരട്ടക്കിരീടം ലക്ഷ്യമിട്ടു ഫൈനലിനിറങ്ങിയ തിരുവനന്തപുരത്തെ ആവേശപ്പോരാട്ടത്തിൽ മറികടന്നാണ് എറണാകുളം പുരുഷവിഭാഗം ജേതാക്കളായത്. സ്കോർ 70–65. സംസ്ഥാനതാരങ്ങൾ നിറഞ്ഞ തിരുവനന്തപുരത്തെ വിറപ്പിച്ചശേഷമാണു വനിതാ ഫൈനലിൽ പാലക്കാട് കീഴടങ്ങിയത്. സ്കോർ: 50–43. ഇരുവിഭാഗത്തിലും കോട്ടയത്തിനാണു മൂന്നാം സ്ഥാനം.
പുരുഷവിഭാഗത്തിൽ രണ്ടു ക്വാർട്ടറുകൾ അവസാനിച്ച ഇടവേളയിൽ എറണാകുളത്തിന്റെ ലീഡ് 5 പോയിന്റ് മാത്രമായിരുന്നു (35–32). മൂന്നാം ക്വാർട്ടർ അവസാനിച്ചപ്പോൾ ആതിഥേയരുടെ ലീഡ് 3 പോയിന്റിന്റേതു മാത്രമായി (51–48). മാറിമാറിയുള്ള മുന്നേറ്റം കണ്ട അവസാന നിമിഷങ്ങളിൽ കാണികൾ ആവേശത്തിന്റെ മുൾമുനയിലായെങ്കിലും 5 പോയിന്റ് വ്യത്യാസത്തിൽ എറണാകുളം കിരീടമുറപ്പിച്ചു. ആന്റണി ജോൺസൺ (23), മുഹമ്മദ് ഷിറാസ് (15), എന്നിവർ എറണാകുളത്തിനായും സെജിൻ മാത്യു (26) തിരുവനന്തപുരത്തിനായും തിളങ്ങി.
വനിതാവിഭാഗത്തിൽ രണ്ടു ക്വാർട്ടറുകൾ കഴിഞ്ഞ ഇടവേളയിൽ 9 പോയിന്റുകൾക്കു മുന്നിൽനിന്ന തിരുവനന്തപുരത്തിനെതിരെ നാലാം ക്വാർട്ടറിൽ 5 പോയിന്റ് വ്യത്യാസത്തിൽവരെയെത്തി പാലക്കാട്. അനീഷ ക്ലീറ്റസ് (12), ആർ.ശ്രീകല (10) എന്നിവർ തിരുവനന്തപുരത്തിനായും ഐശ്വര്യ, ജയലക്ഷ്മി, ജോമി, ചിപ്പി (9 വീതം) എന്നിവർ പാലക്കാടിനായും മികച്ച പ്രകടനം നടത്തി.