വിദ്യാഭ്യാസ രംഗത്ത് ഫിറ്റ്നസ് റാങ്കിങ്; ദേശീയ കായികനയം കരടുരേഖയ്ക്കായി 27 വരെ നിർദേശങ്ങൾ നൽകാം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിറ്റ്നസ് റാങ്കിങ് നടപ്പാക്കണമെന്ന് ദേശീയ കായിക നയത്തിന്റെ കരടുരേഖയിൽ ശുപാർശ. കായികരംഗത്തു ജനമുന്നേറ്റം വർധിപ്പിക്കുന്നതിനായാണിത്.
കായിക ഫെഡറേഷനുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും ഫിറ്റ്നസ് പരിപാടികൾ ആവിഷ്കരിക്കണമെന്നും കേന്ദ്ര കായികമന്ത്രാലയം അവതരിപ്പിച്ച കരടു രേഖ ശുപാർശ ചെയ്യുന്നു. 2001ലെ ദേശീയ കായിക നയത്തിനു പകരമായിട്ടാണ് പുതിയ നയം വരിക.
കരടു രേഖ കായികമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (yas.gov.in) ലഭ്യമാണെന്നു കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. പൊതുജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാൻ 27 വരെ അവസരമുണ്ട്. ഇവ കൂടി പരിശോധിച്ച ശേഷം ദേശീയ കായികനയം അന്തിമമായി പ്രഖ്യാപിക്കും. പ്രാദേശിക കായിക ഇനങ്ങളെ ദേശീയ–രാജ്യാന്തര ശ്രദ്ധയിലെത്തിക്കാന്‍ നടപടി വേണമെന്നും കരട് രേഖയിൽ നിർദേശമുണ്ട്.