ഉഷയ്ക്കെതിരെ അവിശ്വാസ നീക്കം; ഐഒഎ ഭരണസമിതി യോഗത്തിൽ പ്രമേയം കൊണ്ടുവരാൻ 12 അംഗങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി എക്സിക്യൂട്ടീവ് കൗൺസിലിലെ 12 അംഗങ്ങൾ. 25ന് ചേരുന്ന പ്രത്യേക ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാൻ ഇവർ തയാറാക്കിയ 26 ഇന അജൻഡയിലാണു പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയ വിഷയവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഒഎ ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബെ ഒപ്പിട്ടിരിക്കുന്ന കത്തിൽ ഐഒഎ ആക്ടിങ് സിഇഒ എന്ന പദവിയും അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർത്തിട്ടുണ്ട്.
അതേസമയം പ്രത്യേക യോഗം സംബന്ധിച്ച് ഈ മാസം മൂന്നിന് അയച്ച കത്തിലെ 16 അജൻഡകൾ മാത്രമാണു യോഗത്തിൽ ചർച്ച ചെയ്യുകയെന്ന് പി.ടി. ഉഷ പ്രതികരിച്ചു. ഐഒഎയിൽ ആക്ടിങ് സിഇഒ ഇല്ലെന്നു വ്യക്തമാക്കിയ ഉഷ, കല്യാൺ ചൗബെയുടെയോ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുടെയോ നിർദേശം അനുസരിച്ചു പ്രവർത്തിക്കരുതെന്ന് ഐഒഎയിലെ ജീവനക്കാർക്കു നിർദേശം നൽകി.
ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര ഒളിംപിക് സമിതി (ഐഒസി) അംഗം, ദേശീയ കായിക ഫെഡറേഷൻ പ്രതിനിധികൾ, ഐഒഎ അത്‌ലീറ്റ് കമ്മിഷൻ പ്രതിനിധികൾ, ഐഒഎ പൊതുസഭയിലെ 8 കായിക താരങ്ങൾ, സംസ്ഥാന ഒളിംപിക് അസോസിയേഷനിലെ പ്രതിനിധികൾ, സർവീസസ് സ്പോർട്സ് ബോർഡ് പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക പൊതുയോഗമാണ് 25ന് നടക്കാനിരിക്കുന്നത്.
ഐഒഎ സിഇഒ നിയമനവും ട്രഷറർ സഹ്‌ദേവ് യാദവ്, സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബെ തുടങ്ങിയവർക്കെതിരായ പരാതികളും പ്രത്യേക യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അംഗങ്ങൾക്ക് അയച്ച കത്തിൽ പി.ടി.ഉഷ വ്യക്തമാക്കിയിരുന്നു. ഇതിനു ബദലായി കല്യാൺ ചൗബെ കഴിഞ്ഞ ദിവസം അയച്ച കത്തിലാണു പ്രസിഡന്റിനെതിരായ അവിശ്വാസം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കല്യാൺ ചൗബെയുടെ കത്ത് നിയമവിരുദ്ധവും ഐഒഎ ഭരണഘടനയുടെ ലംഘനവുമാണെന്നു പി.ടി. ഉഷ വ്യക്തമാക്കി.
‘ഐഒഎ പ്രസിഡന്റ് എന്ന നിലയിലാണ് പ്രത്യേക യോഗത്തിനു നോട്ടിസ് നൽകിയത്. യോഗം വിളിക്കാനോ അജൻഡ നിശ്ചയിക്കാനോ കല്യാൺ ചൗബെയെ നിയോഗിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഔദ്യോഗികമല്ലാത്ത എല്ലാ അജൻഡകളും അസാധുവാണ്– പി.ടി. ഉഷ പറഞ്ഞു.