വാർഷിക റിപ്പോർട്ട് സമർപ്പിച്ചില്ല; ഇന്ത്യൻ ഒളിംപിക് അസോസിയേഷന് ഇനി ധനസഹായമില്ല
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷന് ധനസഹായം നൽകുന്നത് രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിർത്തിവച്ചു. വാർഷിക സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാത്തതിനാലാണ് നടപടി. ധനസഹായം നിർത്തലാക്കിയത് ഇന്ത്യൻ താരങ്ങളുടെ പരിശീലനത്തെ ബാധിച്ചേക്കും. ഒളിംപിക് അസോസിയേഷനിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ആശങ്കയുണ്ടെന്നും രാജ്യാന്തര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി.
ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഫണ്ട് നൽകുന്നതു നിർത്തിവയ്ക്കാൻ ഐഒസി തീരുമാനിച്ചത്. എക്സിക്യൂട്ടിവ് കൗൺസിലിൽ ഉയർന്ന ആരോപണങ്ങൾ കൂടി പരിഗണിച്ചാണു തീരുമാനമെന്നും ഐഒസി വ്യക്തമാക്കി. അതേസമയം ഒളിംപിക് സ്കോളർഷിപ്പുകളായി താരങ്ങൾക്കു നേരിട്ടു ലഭിക്കുന്ന സഹായം ഇനിയും തുടരുമെന്നും ഐഒസി ഡയറക്ടർ ജെയിംസ് മക്‌ലോഡ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് അയച്ച കത്തിൽ അറിയിച്ചു.
വാർഷിക റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ഐഒഎ ട്രഷറർ സഹ്ദേവ് യാദവിനെ കുറ്റപ്പെടുത്തി പി.ടി. ഉഷ രംഗത്തെത്തി. വെയ്റ്റ്‍ലിഫ്റ്റിങ് ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയാണ് സഹ്ദേവ് യാദവ്. ‘‘നിരന്തരം ഓര്‍മപ്പെടുത്തലുകളുണ്ടായിട്ടും വാര്‍ഷിക സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ട്രഷറർ തയാറായിട്ടില്ല. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക നിയന്ത്രണങ്ങളിൽ ഐഒഎയ്ക്ക് ആശങ്കയുണ്ട്. ഇന്ത്യൻ അത്‍ലീറ്റുകളെ പിന്തുണയ്ക്കാനുള്ള ഐഒഎ ശ്രമങ്ങളെ ഇതുബാധിച്ചേക്കും.’’– പി.ടി. ഉഷ പ്രതികരിച്ചു.