ഞാൻ പറഞ്ഞാൽ ഐഒഎയിൽ ആരും കേൾക്കില്ല: മേരികോം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷന് (ഐഒഎ) നിർദേശങ്ങൾ നൽകുന്നത് അവസാനിപ്പിച്ചെന്ന് ബോക്സിങ് താരവും ഐഒഎ അത്‌ലീറ്റ്സ് കമ്മിഷൻ അധ്യക്ഷയുമായ എം.സി.മേരികോം. എന്തൊക്കെ നിർദേശം നൽകിയാലും അതൊന്നും ആരും കേൾക്കാൻ തയാറല്ല. കുറെ പറഞ്ഞിട്ടും ആരും കേൾക്കാതായതോടെ ഞാൻ നിർത്തി. ഐഒഎയിൽ സംഭവിക്കുന്നത് എന്താണെന്നു പിടികിട്ടുന്നില്ല. – മേരികോം പറഞ്ഞു.
ഐഒഎ പ്രസിഡന്റ് പി.ടി. ഉഷയ്ക്കെതിരെ ഒരു വിഭാഗം അംഗങ്ങൾ രംഗത്തുവന്നതിന്റെ തുടർച്ചയാണ് ഈ സംഭവം. ഐഒഎ ഭരണസമിതിയിലെ അംഗങ്ങളിൽ ചിലർ നടത്തുന്നതു വഴിവിട്ട പ്രവർത്തനങ്ങളാണെന്നു പി.ടി. ഉഷയും തുറന്നടിച്ചിരുന്നു.
എന്നാൽ, ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ മേരികോം തയാറായില്ല. എനിക്ക് ഇതിനു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. എന്റെ അനുഭവപരിചയം അവർക്ക് ഉപയോഗിക്കാമായിരുന്നു. അതുണ്ടാകാത്തതിൽ നിരാശയുണ്ട് – ഇന്ത്യൻ ഗെയിമിങ് കൺവൻഷനിൽ പങ്കെടുക്കാനെത്തിയ മേരികോം പറഞ്ഞു.