ADVERTISEMENT

കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിലെ 17 വേദികളിലായി നടക്കും. 24,000 കായികതാരങ്ങൾ പങ്കെടുക്കും. ഗൾഫിൽ കേരള സിലബസിൽ പ്രവർത്തിക്കുന്ന 8 സ്കൂളുകളിൽനിന്നുള്ള താരങ്ങളും പങ്കെടുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കായികമേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ നടന്ന യോഗങ്ങൾക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ പങ്കാളിത്തംകൊണ്ടു ലോകത്തു നടക്കുന്ന ഏറ്റവും വലിയ കായികമേളയാകും ഇതെന്നു മന്ത്രി പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കായി മൂന്നു ഗെയിംസ് ഇനങ്ങളിലും 18 അത്‌ലറ്റിക് ഇനങ്ങളിലുമായി മത്സരമുണ്ടാകും. രാത്രി 10 മണിവരെ ഫ്ലഡ്‌ലിറ്റിലും മത്സരങ്ങളുണ്ടാകും.

മേളയുടെ ഉദ്ഘാടനം 4നു വൈകിട്ട് കലൂർ സ്റ്റേഡിയത്തിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിക്കും. 11നു മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജേതാക്കളാകുന്ന ജില്ലയ്ക്കു മുഖ്യമന്ത്രിയുടെ പേരിലുള്ള എവറോളിങ് ട്രോഫി സമ്മാനിക്കും.

എവർ റോളിങ് ട്രോഫി തിരുവനന്തപുരത്തുനിന്നും ദീപശിഖയും ഭാഗ്യചിഹ്നമായ ‘തക്കുടു’വിനെയും കാസർകോട്ടുനിന്നും വാഹനപ്രയാണമായി കൊച്ചിയിലെത്തിക്കും.

സിന്തറ്റിക് ട്രാക്ക് നവംബർ ഒന്നിനകം

കൊച്ചി ∙ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ നിർമാണം സമയത്തു പൂർത്തിയാകുമെന്നു മന്ത്രി വി.ശിവൻകുട്ടി. നവംബർ ഒന്നിനകം പണി പൂർത്തിയാക്കുമെന്നു നിർമാണച്ചുമതലയുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനും നിർമാണക്കരാർ കമ്പനിയായ ഗ്രേറ്റ് സ്പോർട്സും അറിയിച്ചിട്ടുണ്ട്.

മഴയാണു നിർമാണത്തിനു തടസ്സമാകുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണു നിർമാണമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല. മഴ തുടരുകയാണെങ്കിൽ വേദി മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. –മന്ത്രി പറഞ്ഞു.

English Summary:

Kerala state school athletics meet in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com