ചെലവു ചുരുക്കാൻ അധികൃതരുടെ കടുംവെട്ട്; 2026 കോമൺവെൽത്ത് ഗെയിംസിൽ 10 മത്സരയിനങ്ങൾ മാത്രം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്കു തിരിച്ചടിയായി 2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ മത്സരയിനങ്ങൾ വെട്ടിച്ചുരുക്കി. മെഡൽ ഇനങ്ങളുടെ എണ്ണം ആകെ പത്തായി ചുരുക്കിയപ്പോൾ പുറത്തായത് ക്രിക്കറ്റ്, ഹോക്കി, ബാഡ്‌മിന്റൻ, ഷൂട്ടിങ്, ഗുസ്തി തുടങ്ങി ഇന്ത്യയ്ക്കു മെഡൽ സാധ്യതയുള്ള മത്സരങ്ങൾ.
ഗെയിംസിലെ മത്സരയിനങ്ങൾ നിശ്ചയിക്കുന്നതിനുള്ള ആതിഥേയ നഗരത്തിന്റെ അധികാരം ഉപയോഗിച്ചാണ് തീരുമാനം. സ്കോട്‌ലൻഡ് നഗരമായ ഗ്ലാസ്‌ഗോ ആതിഥ്യം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസ് 2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെയാണ്. ഗെയിംസിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നലെയായിരുന്നു.
ചെലവു കുറയ്ക്കലിന്റെ ഭാഗമായാണ് മത്സരയിനങ്ങൾ ഒഴിവാക്കുന്നതെന്നാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന്റെ വിശദീകണം. 2022 ബിർമിങ്ങാം ഗെയിംസിൽ 19 മത്സരയിനങ്ങളാണുണ്ടായിരുന്നത്.അന്ന് മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ നേടിയ ആകെ 61 മെഡലുകളിൽ 37 എണ്ണവും ഇപ്പോൾ ഒഴിവാക്കിയ 9 കായിക ഇനങ്ങളിൽ നിന്നായിരുന്നു.
ബിർമിങ്ങാമിൽ മത്സരയിനമല്ലായിരുന്ന ഷൂട്ടിങ്ങിനെയും ഇത്തവണ പരിഗണിച്ചില്ല. ഗ്ലാസ്കോയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഷൂട്ടിങ് വേദിയെന്നത് തിരിച്ചടിയായി. എന്നാൽ അത്‍ലറ്റിക്സ്, സൈക്ലിങ്, വെയ്റ്റ്ലിഫ്റ്റിങ്, നീന്തൽ, ബാസ്കറ്റ്ബോൾ ഇനങ്ങളിൽ ശാരീരിക പരിമിതിയുള്ളവർക്കും ഇത്തവണ മത്സരമുണ്ട്.
ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് 2026 കോമൺവെൽത്ത് ഗെയിംസ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഉന്നയിച്ച് കഴിഞ്ഞവർഷം വിക്ടോറിയ ആതിഥേയത്വത്തിൽ നിന്നു പിൻമാറി. തുടർന്ന് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ഗെയിംസ് ഏറ്റെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവിടെയും സാമ്പത്തികം വില്ലനായി.
ഒടുവിൽ 2014ലെ കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയരായിരുന്ന ഗ്ലാസ്കോ വീണ്ടും ഗെയിംസ് ഏറ്റെടുക്കാൻ തീരുമാനിക്കുകയിരുന്നു. അവസാന നിമിഷം വേദിയൊരുക്കാൻ മുന്നോട്ടുവന്ന ഗ്ലാസ്കോ ചെലവു കുറച്ചു മത്സരങ്ങൾ നടത്തണമെന്ന നിർദേശമാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന് മുന്നിൽവച്ചത്. ആ നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടു.