ആരെങ്കിലും അറിഞ്ഞോ?; സംസ്ഥാന സ്കൂൾ കായികമേള തുടങ്ങി!
Mail This Article
കൊച്ചി ∙ ആരോരുമറിയാതെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് അനൗദ്യോഗിക തുടക്കം. നവംബർ 4നു മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഔദ്യോഗികമായി ആരംഭിക്കേണ്ട സ്കൂൾ കായിക മേളയിലെ ഷൂട്ടിങ് ഇനങ്ങളാണ് ഒരാഴ്ച മുൻപേ തുടങ്ങി അവസാനിച്ചത്. കായികമേളയുടെ സമയക്രമപ്രകാരം അണ്ടർ–17, 19 (ആൺ, പെൺ) ഷൂട്ടിങ് മത്സരങ്ങൾ നവംബർ 5,6 തീയതികളിൽ കോതമംഗലം എംഎ കോളജ് ഷൂട്ടിങ് റേഞ്ചിലാണു നടക്കാനിരുന്നത്.
ഇതാണു പുറംലോകമറിയാതെ 26,27 തീയതികളിലായി കൊച്ചി കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിലെ ഷൂട്ടിങ് റേഞ്ചിൽ നടന്നത്. ഈ വിവരം സംഘാടകർ മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. ആദ്യം നിശ്ചയിച്ച വേദിയുമായി ബന്ധപ്പെട്ട ചില അസൗകര്യങ്ങളാണു മത്സരങ്ങൾ നേരത്തേ നടത്താനിടയാക്കിയതെന്നു സംഘാടകർ പറയുന്നു.
ആദ്യ സ്വർണം അതുല്യയ്ക്ക്
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ സ്വർണ മെഡലുമായി തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അതുല്യ എസ്.നായർ.
എയർ പിസ്റ്റൾ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് അതുല്യയുടെ മെഡൽ നേട്ടം. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് വെള്ളാട്ടുപാടം ലത നിവാസിൽ സതീഷ്കുമാറിന്റെയും ലതയുടെയും മകളാണ് പ്ലസ് വൺ വിദ്യാർഥിനിയായ അതുല്യ. വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റോർ മുതൽ മുൻവശത്തെ ഗെസ്റ്റ് റൂം വരെ 10 മീറ്റർ നീളം വരുന്ന ഷൂട്ടിങ് റേഞ്ചാണ് അതുല്യയുടെ പരിശീലനക്കളരി.
നാവികസേന മുൻ ഉദ്യോഗസ്ഥനായ പിതാവ് സതീഷ്കുമാർ ആണ് ഇത് ഒരുക്കിനൽകിയത്. നാവികസേന ഷൂട്ടിങ് ടീം അംഗമായിരുന്നു സതീഷ് കുമാർ. അതുല്യയുടെ സഹോദരൻ ആയുഷ് എസ്.നായരും ഷൂട്ടിങ് താരമാണ്.