ADVERTISEMENT

കോഴിക്കോട് ∙ ധൈര്യമുള്ള അമ്മമാരുണ്ടെങ്കിലേ കായികരംഗത്ത് പെൺകുട്ടികൾക്കു ചിറകുവിരിച്ചു പറക്കാനാകൂ എന്ന് ഒളിംപ്യനും ദേശീയ അത്‌ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ അ‍ഞ്ജു ബോബി ജോർജ്. ‘കായികരംഗത്തു തുടരാൻ എന്നെ പ്രോത്സാഹിപ്പിച്ചത് എന്റെ അമ്മയാണ്. അന്നത്തെക്കാലത്ത് അമ്മയ്ക്കു സാധിക്കാതെ പോയ സ്വപ്നങ്ങൾ എന്നിലൂടെ പൂർത്തിയാക്കിയെന്നു വേണം പറയാൻ.

പെൺകുട്ടികളെ കായിക താരമാക്കാൻ അമ്മയുടെ പിന്തുണ മാത്രമല്ല, അമ്മയെ പിന്തുണയ്ക്കാൻ അച്ഛനും വേണം.  ‘ഹോർത്തൂസ്’ സാംസ്കാരികോത്സവത്തിൽ ‘ആരവങ്ങൾക്കപ്പുറം’ സെഷനിലാണ് അഞ്ജു ബോബി ജോർജ് സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചും കായികരംഗത്തെ പരീക്ഷണ ഘട്ടങ്ങളെക്കുറിച്ചും പുതിയ പ്രതീക്ഷകളെക്കുറിച്ചും മനസ്സു തുറന്നത്. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാൻ ചർച്ചയ്ക്കു നേതൃത്വം നൽകി. 

manorama-hortus-logo

ഒറ്റ വൃക്കയിൽ ഒരു വെങ്കലം 

കായിക ജീവിതത്തിൽ നേരിടേണ്ടി വന്ന പരീക്ഷണഘട്ടത്തെ അഞ്ജു വിവരിച്ചതിങ്ങനെ. ‘ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ് പാരിസിൽ നടക്കുന്നതിന് 20 ദിവസം മുൻപാണ് എനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂ എന്ന വിവരം അറിയുന്നത്. അന്നു ജർമനിയിൽ പരിശീലനത്തിലായിരുന്നു. ജർമൻ ഡോക്ടർമാരൊക്കെ പറഞ്ഞത് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ്. പക്ഷേ, ഭർത്താവ് റോബർട്ട് ബോബി ജോർജ് എനിക്കു ധൈര്യം നൽകി. ആ ചാംപ്യൻഷിപ്പിൽ മികച്ച പ്രകടനത്തോടെ വെങ്കല മെഡൽ നേടാനുമായി. 

സ്പോർട്സ് ഒരു സയൻസാണ് 

കോരുത്തോട് സ്കൂളിൽ കെ.പി.തോമസ് മാഷിനു കീഴിലും പിന്നീട് ലോക ചാംപ്യൻ മൈക്ക് പവലിനു കീഴിലും ഞാൻ പരിശീലനം നേടിയിട്ടുണ്ട്. വളരെ വ്യത്യസ്തമായ പരിശീലന രീതികളായിരുന്നു ഇരുവരുടേതും. സ്പോർട്സ് ഒരു സയൻസാണെന്ന ബോധ്യമാണ് ഇനി നമ്മുടെ നാട്ടിൽ വളർന്നു വരേണ്ടത്. കായികരംഗത്ത് ഗവേഷണം കൂടുതലായി ഉണ്ടാവണം. നിലവിൽ കേരളം കായികരംഗത്തിനു നൽകുന്ന പ്രാധാന്യം കുറഞ്ഞുവരികയാണ്. മറ്റു സംസ്ഥാനങ്ങൾ പക്ഷേ, ഈ രംഗത്തു മുന്നേറുകയാണെന്നു മനസ്സിലാക്കണം. 

English Summary:

Anju Bobby George: Only Brave Mothers Can Help Girls to Shine in Sports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com