മഹാരാജാസ് ഗ്രൗണ്ടിൽ ട്രാക്ക് ഒരുങ്ങി, ജംപിങ് പിറ്റ് പാതിവഴിയിൽ
Mail This Article
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ ഇനിയും സജ്ജമാകാതെ അത്‌ലറ്റിക്സ് മത്സര വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ട്. പണി പൂർത്തിയായ ഇവിടുത്തെ സിന്തറ്റിക് ട്രാക്കിൽ ലൈൻ മാർക്കിങ് നടക്കുമ്പോൾ ജംപ് മത്സരങ്ങൾക്കായുള്ള പിറ്റ് നിർമാണം പാതിവഴിയിലെത്തിയിട്ടേയുള്ളൂ.
ത്രോ മത്സര ഇനങ്ങൾ നടത്തേണ്ട സെക്ടറിന്റെ നിർമാണം ആരംഭിച്ചിട്ടുമില്ല. ഗ്രൗണ്ടിലെ ത്രോയിങ് ഏരിയയുടെ നവീകരണം സിന്തറ്റിക് ട്രാക്ക് കരാറിൽ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ സംസ്ഥാന കായികമേളയ്ക്കായി വിദ്യാഭ്യാസ വകുപ്പ് ഇവിടെ സ്വന്തം നിലയിൽ ത്രോ ഏരിയ ഒരുക്കേണ്ടതുണ്ട്.
ജംപിങ് ഇനങ്ങൾക്കുള്ള റൺവേ ഗ്രൗണ്ടിൽ സജ്ജമായിട്ടുണ്ടെങ്കിലും ജംപിങ് പിറ്റിൽ മണൽ നിറയ്ക്കുന്നതുൾപ്പെടെയുള്ള ജോലികൾ ബാക്കിയാണ്. അത്‌ലറ്റിക്സ് മത്സരങ്ങൾ വൈകിട്ടും നടക്കുന്നതിനാൽ ഗ്രൗണ്ടിൽ വെളിച്ചത്തിനായി ഫ്ലഡ്‌ലൈറ്റും ഒരുക്കേണ്ടതുണ്ട്. നിർമാണ അവശിഷ്ടങ്ങൾ, മണ്ണ്, മണൽ, വെട്ടിനീക്കിയ പുല്ല് തുടങ്ങിയവയെല്ലാം ഗ്രൗണ്ടിൽ പല സ്ഥലങ്ങളായി കൂട്ടിയിട്ട നിലയിലുമാണ്.
രണ്ടു ദിവസത്തിനകം ത്രോ മത്സരവേദി തയാറാകുമെന്നും കായികമേളയ്ക്കായി മഹാരാജാസ് കോളജ് ഗ്രൗണ്ട് പൂർണ സജ്ജമാകുമെന്നും സംഘാടകർ പറയുന്നു. സിന്തറ്റിക് ട്രാക്ക് നിർമാണത്തിലുണ്ടായ കാലതാമസമാണു മഹാരാജാസ് കോളജ് ഗ്രൗണ്ട് കായികമേളയ്ക്കു സജ്ജമാകുന്നതു വൈകിപ്പിച്ചത്.
കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം 4നു നടക്കുമെങ്കിലും മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ 7നു മാത്രമേ ആരംഭിക്കുകയുള്ളൂ. അതിനാൽ തയാറെടുപ്പുകൾക്ക് അൽപം കൂടി സാവകാശം ലഭിക്കും. എന്നാൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള അത്‌ലറ്റിക്സ്, ഫുട്ബോൾ മത്സരങ്ങൾ 5നു ഗ്രൗണ്ടിൽ നടക്കേണ്ടതുണ്ട്.