ADVERTISEMENT

കൊച്ചി ∙ കാസർകോട് നിന്നെത്തിയ ദീപശിഖയും തിരുവനന്തപുരത്ത് നിന്നെത്തിയ സ്വർണക്കപ്പും ഒത്തുചേർന്നതോടെ കായിക കേരളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലേക്ക് ചുരുങ്ങി. ഒരാഴ്ചക്കാലത്തോളം നീണ്ടുനിൽക്കുന്ന, കായികപോരാട്ടങ്ങളുടെ കൊച്ചിൻ കാർണിവലിന് വർണാഭമായ തുടക്കം. സംസ്ഥാന കായികമേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിറപ്പകിട്ടാർന്ന ഉദ്ഘാടന പരിപാടിയിൽ, മാർച്ച് പാസ്റ്റിൽ അണിനിരന്ന താരങ്ങളുടെ ആവേശം കൊച്ചി മെട്രോയുടെ കുതിപ്പിനെ വെല്ലുന്നതായിരുന്നു. 3500 താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ കോട്ടയം ഒന്നും കൊല്ലം രണ്ടും എറണാകുളം മൂന്നും സ്ഥാനങ്ങൾ നേടി. 

ഇന്നലെ ഉച്ചകഴിഞ്ഞ് 2ന് തൃപ്പൂണിത്തുറയിൽ വച്ചാണ് സ്വർണക്കപ്പ്–ദീപശിഖ പ്രയാണങ്ങൾ ഒരുമിച്ചത്. തുടർന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന ഘോഷയാത്രയുടെ അകമ്പടിയോടെ സ്റ്റേഡിയത്തിലേക്ക്. മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. എല്ലാ ജില്ലയുടെയും ആദ്യനിരകളിൽ തന്നെ ഇൻക്ലൂസീവ് (ഭിന്നശേഷി) വിദ്യാർഥികൾ അണിനിരന്നതോടെ ആ യാത്ര ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പായി.  

മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. സ്കേറ്റിങ് താരം എസ്.സായന്ത്, ഹൈജംപ് താരം ജ്യുവൽ തോമസ്, ഫുട്ബോൾ താരങ്ങളായ അഖില രാജൻ, ഷിൽജി ഷാജി, ഭിന്നശേഷി താരങ്ങളായ എസ്.യശ്വിത, അനു ബിനു എന്നിവരുടെ കൈകളിൽ സ്റ്റേഡിയം വലംവച്ച ദീപശിഖ ഏറ്റുവാങ്ങിയ പി.ആർ.ശ്രീജേഷ് മന്ത്രി വി.ശിവൻകുട്ടിക്കും ഭിന്നശേഷി താരമായ ശ്രീലക്ഷ്മിക്കും ഒപ്പം ചേർന്ന് ദീപം തെളിച്ചു.  ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ കെ.ജീവൻബാബു എന്നിവർ പ്രസംഗിച്ചു.

മാർച്ച് പാസ്റ്റിനുശേഷം വിവിധ ഇനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങളിലൂടെ ദീപശിഖ മഹാരാജാസ് സിന്തറ്റിക് ട്രാക്കിനെ വലംവച്ചു. തുടർന്നു ഭിന്നശേഷി വിദ്യാർഥികൾക്കു കൈമാറിയ ദീപശിഖ, കായികമേളയുടെ ബ്രാൻഡ് അംബാസഡർ പി.ആർ.ശ്രീജേഷ് ഏറ്റുവാങ്ങി. മന്ത്രി വി.ശിവൻകുട്ടിക്കും ഫോർട്ട്കൊച്ചി വെളി മൈതാനം ഇഎംജി എച്ച്എസിലെ 6–ാം ക്ലാസ് വിദ്യാർഥി ശ്രീലക്ഷ്മിക്കുമൊപ്പം കായികമേള ദീപം തെളിച്ചു.

English Summary:

Kochi Embraces Athletic Spirit: State School Sports Meet Begins with a Bang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com