പ്രിയപ്പെട്ട തക്കുടുമാരേ.., എന്നു സ്വന്തം മമ്മൂട്ടി!; ഉദ്ഘാടനച്ചടങ്ങിൽ ആവേശമായി മമ്മൂട്ടിയും പി.ആർ.ശ്രീജേഷും
Mail This Article
കൊച്ചി∙ ഒറ്റയ്ക്ക് ഒരു മത്സരവും ജയിക്കാനാകില്ലെന്നും അതിനാൽ ഒപ്പം മത്സരിക്കുന്നവരെ ഒരിക്കലും ശത്രുവായി കാണരുതെന്നും നടൻ മമ്മൂട്ടി ഉപദേശിച്ചപ്പോൾ ഒളിംപിക്സിൽ പങ്കെടുക്കുന്നതല്ല, സ്വർണ മെഡൽ നേടുന്നതാകണം സ്വപ്നമെന്നായിരുന്നു 2 ഒളിംപിക്സ് മെഡലുകൾ സ്വന്തമാക്കിയ പി.ആർ.ശ്രീജേഷിന്റെ സന്ദേശം. സ്കൂൾ കായിക മേളയുടെ ഉദ്ഘാടന വേദിയിലാണ് ആയിരക്കണക്കിന് കൗമാര താരങ്ങളെ പ്രചോദിപ്പിച്ച സൂപ്പർ താരങ്ങളുടെ വാക്കുകൾ.
മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിനെ അനുസ്മരിച്ച് ‘പ്രിയപ്പെട്ട തക്കുടുമാരെ’ എന്ന് വാത്സല്യത്തോടെ കുട്ടികളെ അഭിസംബോധന ചെയ്തായിരുന്നു മുഖ്യാതിഥിയായ മമ്മൂട്ടിയുടെ പ്രസംഗം. ഇവിടെ നിൽക്കുമ്പോൾ താൻ അഭിനയിച്ച ‘കഥ പറയുമ്പോൾ’ എന്ന സിനിമയുടെ ക്ലൈമാക്സിൽ നായകനായ അശോക് രാജിനെ പോലെ താൻ വികാരാധീനനായി പോകുന്നുവെന്ന് പറഞ്ഞായിരുന്നു തുടക്കം.
‘കുട്ടിക്കാലത്ത് എനിക്ക് സ്പോർട്സിലായിരുന്നില്ല, നാടകത്തിലായായിരുന്നു താൽപര്യം. നിങ്ങളെ കാണുമ്പോൾ എനിക്കും ഇങ്ങനെയൊക്കെ ആകാമായിരുന്നു എന്നു തോന്നുന്നു. നാടിന്റെ കരുത്തായി തീരേണ്ട കൗമാര ശക്തിയാണിത്. അവസരങ്ങൾ ഏറെ ലഭിക്കില്ല. കിട്ടുന്ന അവസരങ്ങൾ പൂർണ സമർപ്പണത്തോടെ പ്രയോജനപ്പെടുത്തണം. കൂടെ മത്സരിക്കുന്നവർ നമ്മളെക്കാൾ ഒട്ടും മോശമല്ലെന്ന് ഓർക്കുക. മത്സരിക്കാൻ അവരുള്ളതുകൊണ്ടാണ് നമ്മൾക്ക് മികവ് കാട്ടാനാകുന്നത്. മത്സരമെന്നത് ഒരു കൂട്ടായ്മയും വിശ്വാസവുമാണ്. അങ്ങനെയാണ് കായിക സംസ്കാരം രൂപപ്പെടുക. കേരളത്തിന് അഭിമാനമാകാനും 100 ഒളിംപിക്സ് മെഡലുകൾ ഈ നാടിനു സമ്മാനിക്കാനും നിങ്ങൾക്കു കഴിയണം’– അദ്ദേഹം പറഞ്ഞു.
വലിയ കായിക സ്വപ്നങ്ങൾ കാണുന്നതിനൊപ്പം മടികൂടാതെ കഠിന പരിശീലനവും വേണമെന്ന് ശ്രീജേഷ് ഓർമിപ്പിച്ചു. ഒരു ദിവസത്തെ പരിശീലനം വേണ്ടെന്നു വച്ചാൽ നിങ്ങളെ മറികടക്കാൻ കെൽപുള്ളവർ ലോകത്തെവിടെയോ മുന്നിലെത്തുന്നു എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.