ADVERTISEMENT

കൊച്ചി ∙ ആവേശത്തിന്റെ ട്രാക്കിലേക്കും ഫീൽഡിലേക്കുമാണ് ആ വിമാനം ലാൻഡ് ചെയ്തത്; പറന്നിറങ്ങിയത് സംസ്ഥാന സ്കൂൾ കായികമേളയിലെ ‘പതിനഞ്ചാം’ ജില്ല. കായികമേളയിൽ ചരിത്രം കുറിച്ചു ആദ്യമായി പ്രവാസി വിദ്യാർഥികളുടെ പങ്കാളിത്തം. ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ‘യുഎഇ റീജൻ’ എന്നെഴുതിയ കൊടിക്കു പിന്നിൽ ചുവപ്പും വെള്ളയും നിറങ്ങളുള്ള ജഴ്സിയണിഞ്ഞു പ്രവാസി വിദ്യാർഥികൾ നടന്നു നീങ്ങിയപ്പോൾ മഹാരാജാസ് കോളജ് സ്റ്റേഡിയം മുഴുവൻ ആവേശപൂർവം കയ്യടിച്ചു. യുഎഇയിലെ ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ (നിംസ്), ഷാർജ നിംസ്, ഫുജൈറ ഇന്ത്യൻ സ്കൂൾ, റാസൽഖൈമ ന്യൂ ഇന്ത്യൻ എച്ച്എസ്എസ്, ദുബായ് ഗൾഫ് മോഡൽ സ്കൂൾ, അബുദാബി ദ് മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 50 പ്രവാസി വിദ്യാർഥികളാണു കായികമേളയിൽ പങ്കെടുക്കുന്നത്. അത്‌ലറ്റിക്സിനു പുറമേ ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ എന്നീ ടീമിനങ്ങളിലുമാണു പ്രവാസി വിദ്യാർഥികൾ മത്സരിക്കുന്നത്. ദുബായിൽ 10 ദിവസത്തെ പരിശീലന ക്യാംപ് നടത്തി സജ്ജമായാണു ടീം നാട്ടിൽ കളിക്കളത്തിലിറങ്ങുന്നത്.

യുഎഇയിൽ കേരള സിലബസ് സ്കൂളുകളെ ഉൾപ്പെടുത്തി ക്ലസ്റ്റർ മത്സരങ്ങൾ നടത്തി അതിൽ നിന്നുള്ള മികച്ച താരങ്ങളെയാണ് ഗെയിംസ് ഇനങ്ങളിൽ ടീമിലുൾപ്പെടുത്തിയത്. അത്‌ലറ്റിക്സിൽ 100, 200, 800 മീറ്റർ ഓട്ടം, ഷോട്പുട് എന്നീ ഇനങ്ങളിൽ 8 പ്രവാസി കായികതാരങ്ങളാണു ട്രാക്കിലിറങ്ങുക. ഏറെ നാളായുള്ള പ്രവാസികളുടെ ആഗ്രഹമാണു കായികമേളയിലെ പങ്കാളിത്തം. സംസ്ഥാന കായികമേളയിൽ വിജയിച്ചാൽ ഗ്രേസ് മാർക്ക് ലഭിക്കുമെന്നതിനാൽ പ്രവാസി വിദ്യാർഥികളെ കേരള സിലബസിലേക്ക് ആകർഷിക്കാൻ ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് ദുബായ് ഗൾഫ് മോഡൽ സ്കൂളിലെ കായിക വിഭാഗം മേധാവി എം.എസ്.സുമേഷ് കുമാർ പറഞ്ഞു.

English Summary:

Pravasi students to participate in school sports fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com