കരുത്തു പകരാൻ ഒറ്റക്കാലും ഒറ്റക്കയ്യും മാത്രം; പരിമിതികൾക്കെതിരെ ജ്യോതിഷിന്റെ സ്മാഷ്, വിറപ്പിച്ചു!
Mail This Article
കൊച്ചി ∙ കരുത്തു പകരാൻ ഒറ്റക്കാലും ഒറ്റക്കയ്യും മാത്രം. ഒരു കാലിനും ഒരു കയ്യിനും സ്വാധീനം കുറവാണ്. പോരാത്തതിന് വളവുള്ള നട്ടെല്ലും. എന്നിട്ടും പോരാട്ടവീര്യത്തോടെ തല ഉയർത്തി കോർട്ടിൽ പറന്നു കളിച്ച ജ്യോതിഷിനു മുന്നിൽ അത്തരം ശാരീരിക വെല്ലുവിളികളൊന്നുമില്ലാത്ത എതിരാളികളും നന്നേ വിയർത്തു. 14 വയസ്സിൽ താഴെയുള്ളവരുടെ മിക്സ്ഡ് ഡബിൾസിൽ ആദ്യ റൗണ്ടിൽ കണ്ണൂരിനെയും ക്വാർട്ടറിൽ എറണാകുളത്തെയും കോട്ടയം കീഴടക്കിയത് ടോപ് സ്കോററായ ജ്യോതിഷിന്റെ മികവിലായിരുന്നു.
സെമിയിൽ തിരുവനന്തപുരത്തോട് തോറ്റെങ്കിലും ഏറെ കയ്യടി നേടിയാണ് കോട്ടയം മുണ്ടക്കയം മുരിക്കുംവയൽ ഗവ.ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ പി.എസ്.ജ്യോതിഷ് കുമാർ കളം വിട്ടത്. പാർവതി ആർ.നായരായിരുന്നു ടീമിലെ പങ്കാളി. വെറും 8 മാസത്തെ പരിശീലനം കൊണ്ടു നേടിയ മികവാണ് ജ്യോതിഷിന്റെ പ്രകടനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. മുണ്ടക്കയം പള്ളിപ്പുറത്തുശേരിൽ കൂലിപ്പണിക്കാരനായ പി.കെ.സുരേഷിന്റെയും രജനിയുടെയും മകനായ ജ്യോതിഷിനു ജൻമനാ ശാരീരിക വെല്ലുവിളികൾ ഉണ്ടായിരുന്നു.
ഒരു കാലിന് നീളം കുറവാണ്. ഒരു കയ്യിലെ സ്വാധീനക്കുറവും നട്ടെല്ലല്ലിലെ പ്രശ്നവുമാണു മറ്റു പരിമിതികൾ. പരിശീലകനായ കെ.ജെ.ജാക്സൺ വീടിനടുത്ത് കുട്ടികളെ കളിപ്പിക്കുന്നത് കാണാൻ പോയാണ് ബാഡ്മിന്റൻ ഹരം ആരംഭിച്ചത്. പാട്ടിലാണ് ആദ്യം മുതൽ കമ്പം. ടിവി ഷോകളിലടക്കം പാടിയിട്ടുള്ള ജ്യോതിഷ് ഇത്തവണ സബ്ജില്ലാ കലോത്സവത്തിൽ ലളിത ഗാനത്തിന് ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.