വേണ്ടത് ആകെ 10 കോടി, കയ്യിലാകെ 2 കോടി; കായികമേള നടത്തിപ്പിനു വെല്ലുവിളിയായി സാമ്പത്തിക ഞെരുക്കം!
Mail This Article
കൊച്ചി ∙ എസ്റ്റിമേറ്റ് 10 കോടിക്കു മുകളിൽ. വിദ്യാർഥികളുടെ കയ്യിൽ നിന്നു പിരിച്ച തുകയിൽ ജില്ലാ കായിക മേളകൾക്കു കൊടുത്ത ശേഷം സംസ്ഥാന മേള നടത്തിപ്പിന് ബാക്കിയുള്ളത് 2 കോടി! പക്ഷേ ഭക്ഷണത്തിന് മാത്രം വേണ്ടത് 2.25 കോടി! കഴിഞ്ഞ വർഷത്തെ സംസ്ഥാന–ജില്ലാ കായിക മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശികകൾ ഇനിയും ബാക്കി.
സർവത്ര സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന സ്കൂൾ കായിക മേളയുടെ നടത്തിപ്പ്. ഓരോ കമ്മിറ്റിക്കും അനുവദിച്ച തുക കഴിഞ്ഞ് ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അതോടെ പിരിവും തകൃതി.
ഭരണ–പ്രതിപക്ഷത്തെ വിവിധ രാഷ്ട്രീയകക്ഷികളുമായി അനുഭാവം പുലർത്തുന്ന അധ്യാപക സംഘടനകളെയാണ് ഓരോ വിഭാഗത്തിന്റെയും നടത്തിപ്പ് ഏൽപിച്ചിരിക്കുന്നത്. ഈ കമ്മിറ്റികളുടെ തലപ്പത്ത് എംഎൽഎമാരും മേയറും ഉൾപ്പെടുന്ന ജനപ്രതിനിധികളാണ്. തങ്ങളുടെ രാഷ്ട്രീയ സ്വാധീനമടക്കം ഉപയോഗിച്ച് പിരിവ് നടത്തിയും സ്പോൺസർഷിപ്പിലൂടെ സാധനങ്ങൾ വാങ്ങിയുമാണ് മേള നടന്നു പോകുന്നത്.
ഏറ്റവും ചെലവേറിയ ഭക്ഷണ കമ്മിറ്റിയുടെ ചുമതല സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎക്കാണ്; രണ്ടേ കാൽ കോടി. അതു കഴിഞ്ഞാൽ ചെലവ് സ്റ്റേജ്, പന്തൽ, ലൈറ്റ്, സൗണ്ട് എന്നിവയ്ക്കാണ്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിക്കാണ് ചുമതല. ബജറ്റ് 96 ലക്ഷം.