വാളെടുത്താൽ അങ്കക്കലി, ഇല്ലെങ്കിൽ ചങ്ക് ഫ്രണ്ട്സ്; അണ്ടർ 19 പെൺകുട്ടികളുടെ ഫെൻസിങ് ഫൈനലിൽ ‘രാജ്യാന്തര’ പോരാട്ടം!
Mail This Article
കൊച്ചി ∙ കായികമേളയിലെ വാൾപയറ്റിൽ കോലത്തുനാട്ടിലെ മങ്കമാരുടെ ക്ലാസിക് പോരാട്ടം. അണ്ടർ 19 പെൺകുട്ടികളുടെ ഫെൻസിങ് (എപ്പീ വിഭാഗം) ഫൈനലിൽ ഏറ്റുമുട്ടിയത് രാജ്യാന്തര താരങ്ങളായ നിവേദ്യ എൽ. നായരും റീബ ബെന്നിയും. കണ്ണൂർ ജില്ലയ്ക്കു വേണ്ടി അങ്കത്തട്ടിലിറങ്ങിയ ഇരുവരും ഇത്തവണത്തെ കോമൺവെൽത്ത് ഫെൻസിങ് കെഡറ്റ് ചാംപ്യൻഷിപ്പിലെ മെഡൽ ജേതാക്കൾ.
പോരാട്ടം ഇഞ്ചോടിഞ്ച്. ആദ്യം മുൻതൂക്കം നേടിയ റീബയെ മികച്ച അറ്റാക്കിങ്ങിലൂടെ പിന്നീടു മറികടന്ന നിവേദ്യയ്ക്ക് ഒടുവിൽ വിജയവും സ്വർണവും (15–13). കളിക്കളത്തിലെ ആവേശത്തിനു പിന്നാലെ കെട്ടിപ്പിടിച്ച് ഇരുവരും പങ്കുവച്ചതു സൗഹൃദത്തിന്റെ സ്നേഹച്ചിരി. തലശ്ശേരി സായ് ഹോസ്റ്റലിലെ താരങ്ങളാണ് ഇരുവരും. 3 വർഷമായി കളത്തിന് അകത്തും പുറത്തും സുഹൃത്തുക്കൾ.
തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്എസ്എസിലെ വിദ്യാർഥിയാണു നിവേദ്യ. കണ്ണൂർ സ്വദേശികളായ വി.എസ്. ലിതേഷിന്റെയും ദീപയുടെയും മകളായ നിവേദ്യ മൂന്നാം വയസ്സുമുതൽ കളത്തിലുണ്ട്.
തലശ്ശേരി ഗവ. ഗേൾസ് എച്ച്എസ്എസ് വിദ്യാർഥിയാണു റീബ. മേളയിൽ കണ്ണൂരിനു വേണ്ടിയാണു മത്സരിക്കുന്നതെങ്കിലും ദേശീയ തലത്തിൽ ഛത്തീസ്ഗഡ് താരമാണു റീബ. ജനിച്ചതും വളർന്നതും അവിടെ. ഛത്തീസ്ഗഡ് മലയാളികളായ കോട്ടയം സ്വദേശി ബെന്നി ജേക്കബിന്റെയും റീനയുടെയും മകൾ.